Saturday, 22 September 2012

വിഡ്ഢിത്തം (ചെറുകഥ)


എവിടെ ? ആത്മാക്കള്‍  എവിടെ? ...
അതിനു ആത്മാക്കളെ അന്വേഷിച്ചല്ലല്ലോ ഞാന്‍ ഇങ്ങോട്ട് വന്നത് !
മടുത്തിട്ടാണോ ? 
അല്ല . 
പിന്നെ? 
ദൈവത്തെ കണ്ടു ഒരു നിവേദനം കൊടുക്കണം .
കടലാസ് പോക്കെറ്റില്‍ ഉണ്ടോ എന്ന് നോക്കിയപ്പോഴാണ് അബദ്ധം മനസ്സിലായത്‌. 
എന്റെ ശരീരത്തിലല്ലേ അതുള്ളത്‌ !
പക്ഷെ ചില വരികളെങ്കിലും മനസ്സിലുണ്ട്. ഭാഗ്യം ... മനസ്സ് നഷ്ടപ്പെട്ടിട്ടില്ലല്ലോ !
പറയാനുള്ള കാര്യങ്ങള്‍ ക്രമീകരിക്കാന്‍ വേണ്ടി ഓര്‍ത്തുനോക്കി .

      എന്റെ പ്രിയപ്പെട്ടവര്‍ക്ക്  സ്നേഹിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കിക്കൊടുക്കണം.
      ലോകത്തുനിന്ന് സാമ്പത്തിക വ്യവസ്ഥ എടുത്തു മാറ്റണം .
      മനുഷ്യന്റെ സൃഷ്ടിയല്ലേ പണം ! പണത്തിനു പകരം ദൈവസൃഷ്ടിയായ സ്നേഹം വിനിമയമാധ്യമം ആക്കണം .
      മനസ്സില്‍ ഏറ്റവും സ്നേഹം ഉള്ളവന്‍ ഏറ്റവും സമ്പന്നന്‍ എന്ന അവസ്ഥ നടപ്പില്‍ വരണം.
      റേഷന്‍ കടയില്‍ പോയി രണ്ടു നല്ല വാക്ക് സ്നേഹത്തോടെ പറഞ്ഞാല്‍ അരി കൊടുക്കണം 

അങ്ങനെ സ്നേഹം കൊടുത്താല്‍ എന്തും കിട്ടുമെങ്കില്‍ മനുഷ്യന്‍ തമ്മില്‍ തല്ലുകയില്ലല്ലോ .
ദൈവം എന്തെങ്കിലും ഇങ്ങോട്ട് പറഞ്ഞാല്‍ വാദിക്കാനുള്ള പോയിന്റുകള്‍ വേറെയും ഉണ്ടായിരുന്നു ആ കടലാസില്‍

ഛെ ! ഞാന്‍ ആ കടലാസ് പോക്കെറ്റില്‍  വെച്ചത് അബദ്ധമായല്ലോ !
ആരെങ്കിലും എടുത്തു വായിച്ചാല്‍ പ്രശ്നം ആകുമല്ലോ !
ആരെങ്കിലും വായിച്ചു കാണുമോ ?
ഒന്ന് പോയി നോക്കാം .

വെള്ള പുതപ്പിച്ചു കിടത്തിയ എന്റെ ശരീരത്തിന് ചുറ്റും  ബന്ധുക്കള്‍ . അതിനു ചുറ്റും നാട്ടുകാര്‍ !
ഹോ ! ഇത്രയും ജനങ്ങളോ..! 
കല്യാണത്തിനു ക്ഷണിക്കാന്‍ വൈകിയ കാരണത്താല്‍ വരാതിരുന്ന ആ അഭിമാനിയായ വ്യക്തിയുണ്ട്‌ എല്ലാ കാര്യങ്ങളും നോക്കിക്കൊണ്ട്‌ മുമ്പില്‍! 
ഞാന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ നീങ്ങി ! എല്ലാം കണ്ടുകൊണ്ടു , എന്നാല്‍ ആരും കാണാതെ! 
എല്ലാവരും ഗുണഗണങ്ങള്‍ വര്‍ണിക്കുന്ന തിരക്കിലായിരുന്നു .
അവന്‍ എന്തിനു ഇത് ചെയ്തു എന്നൊക്കെ പലരും ചോദിക്കുന്നുണ്ട് .
അതാര്‍ക്കും മനസ്സിലാവില്ല .
ഞാന്‍ എല്ലാവര്ക്കും കൊടുത്ത സ്നേഹത്തില്‍ കുറച്ചെങ്കിലും തിരിച്ചു തന്നിരുന്നെങ്കില്‍ ഞാന്‍ ഇത് ചെയ്യില്ലായിരുന്നു .

അടുത്ത കൂട്ടുകാര്‍ വളരെ ദുഖിതരായി പലസ്ഥലങ്ങളില്‍ ചിതറിക്കിടക്കുന്നു.
പലമേഖലകളിലും ഉള്ള പരിച്ചയവലയങ്ങളിലെ കണ്ണികള്‍ ദുഃഖം മറക്കാന്‍ മത്സരിച്ചു മദ്യം സേവിക്കുന്നു .
കൂടുതല്‍ ദുഃഖം തനിക്കാണെന്ന് വരുത്തിതീര്‍ക്കാന്‍ പലരും ശ്രമിക്കുന്നുണ്ട് .

വീടിനകത്ത് കയറിയപ്പോള്‍ ബോധം പോയിക്കിടക്കുന്ന അമ്മ. തൊട്ടടുത്ത്‌ കരഞ്ഞു തളര്‍ന്ന ഭാര്യ !
അടുത്ത മുറിയില്‍ ഏട്ടനും പെങ്ങളും ഏടത്തിയമ്മയും.
ഞാന്‍ എന്റെ ശവത്തിന്റെ പോക്കെറ്റില്‍ തപ്പി നോക്കി. ആ കടലാസ് അവിടെ ഇല്ല.
ഞാന്‍ എല്ലാവരെയും സൂക്ഷ്മമായി നിരീക്ഷിച്ചു.
കടലാസ് ആരുടെ പക്കലാനെന്നു വ്യക്തമായില്ല. കാത്തിരിക്കാം 
ആര്‍ക്കെങ്കിലും അത് കിട്ടിയിട്ടുണ്ടാവും. 

നേരം പോയി ശവദാഹവും ചടങ്ങുകളും കഴിഞ്ഞു .
എല്ലാവരും പിരിഞ്ഞു .
മുറിയില്‍ തനിച്ചായപ്പോള്‍ കിടയ്ക്കയ്ക്കടിയില്‍ നിന്നും ഭാര്യ എന്തോ തപ്പുന്നത് ഞാന്‍ കണ്ടു. 
അതെ ! അതുതന്നെ .
ഇതുവരെ അവള്‍ അത് വായിച്ചിട്ടില്ല എന്ന് അവളുടെ ഭയവും ആകാംക്ഷയും സങ്കടവും മുറ്റിനില്ക്കുന്ന മുഖം സൂചിപ്പിച്ചു.

അവള്‍ അത് മുഴുവനും വായിച്ചില്ല ....!അവളുടെ അലര്‍ച്ച ഒരേസമയം എന്നെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു .
അമ്മ ഉണര്‍ന്നു. അവള്‍ അത് അമ്മയുടെ നേരെ നീട്ടി .
അമ്മ അത് വായിച്ചശേഷം ഒരു ഭ്രാന്തിയെപ്പോലെ സ്വയം ഉപദ്രവിക്കാന്‍ തുടങ്ങി.
മറ്റുള്ളവരും കൂടി വായിച്ചപ്പോള്‍ കൂട്ടക്കരച്ചിലായി.

ഞാന്‍ അമ്പരന്നുപോയി .
എല്ലാവര്ക്കും എന്നോടുണ്ടായിരുന്ന സ്നേഹത്തിന്റെ ആഴവും പരപ്പും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അപ്പുറത്തായിരുന്നു .
പക്ഷെ എന്തിനവര്‍ ഇതൊക്കെ ഉള്ളില്‍ വെച്ച് കഴിഞ്ഞു ?
ജീവിച്ചിരുന്നപ്പോള്‍ പ്രകടിപ്പിക്കാന്‍ അല്ലെങ്കില്‍ പിന്നെ എന്തിനാണ് ?
ഇപ്പോള്‍ ഇങ്ങനെ അലമുറയിട്ടിട്ടു എന്ത് കാര്യം ?

അധികനേരം അതൊന്നും കണ്ടുനില്‍ക്കാന്‍ എനിക്കായില്ല.
ദൈവത്തെ എത്രയും പെട്ടെന്ന് കാണണം.
ചോദിക്കാന്‍ ഇനി ഒരു ആവശ്യം മാത്രം 

എന്റെ ജീവിതം തിരിച്ചു തരുമോ ? 

Wednesday, 6 June 2012

ഒരു പെണ്ണുകാണല്‍


ഗള്‍ഫില്‍ ജോലിചെയ്യുന്ന പലര്‍ക്കും നേരിടെണ്ടിവന്നിട്ടുള്ളതും പലരും നേരിടാന്‍ സാധ്യതയുള്ളതും ആയ ഒരു സംഭവം ആണ് ഒരു വെക്കേഷന്‍ മുഴുവന്‍ പെണ്ണുകാണാന്‍ സമര്‍പ്പിക്കുക എന്നത്. ഞാനും പതിനഞ്ചു ദിവസത്തെ അവധി പെണ്ണ് കാണാന്‍ സമര്‍പ്പിച്ചു. രണ്ടു വര്ഷം മുന്‍പ് ഏട്ടനുണ്ടായ അനുഭവം മനസ്സിലുണ്ടായിരുന്നുവെങ്കിലും വെറും പതിനഞ്ചു ദിവസം കൊണ്ടു പെണ്ണ് കണ്ട് , കല്യാണം ഉറപ്പിച്ച്, മോതിരം മാറി, പിന്നെ sms, call, mms, skype ...... ഇതൊക്കെയായിരുന്നു വ്യാമോഹം. നാട്ടിലെത്തി, സാധാരണയുള്ള അര്മാദനങ്ങള്‍ മാറ്റിവെച്ചു . കാരണം ദിവസങ്ങള്‍ അത്രയേയുള്ളൂ...! ചെയ്യാനുള്ളതോ മേല്‍ പറഞ്ഞതൊക്കെ !. ഒരു ദിവസം മൂന്നോ നാലോ പെണ്‍കുട്ടികളെ കാണും. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ജാതകക്കുറിപ്പ് വാങ്ങും. ഇഷ്ടപ്പെടാത്തവരോട് പറയാനുള്ള മറുപടി - ജാതകം ചേര്‍ച്ചയില്ല. ഇഷ്ടപ്പെട്ടവരുടെ ജാതകം നോക്കി , അതിനു ചേരുന്ന ജാതകം ഉണ്ടാക്കണം. അങ്ങനെ എന്തൊക്കെ നൂലാമാലകള്‍ ...!!! ഒരാഴ്ച കടന്നു പോയി. തിരികെ കിട്ടിയ മറുപടികള്‍  - ഗള്‍ഫ്  ആണെങ്കില്‍ വേണ്ട , സര്‍ക്കാരുദ്യോഗസ്തനെ മതി , നമ്മുടെ രാജ്യം വിട്ടിട്ടുള്ള പരിപാടി വേണ്ട  , .... തുടങ്ങിയവ. (അത്രയ്ക്കുണ്ട് നാട്ടിലെ തന്തമാര്‍ക്കിടയില്‍ ഗല്‍ഫുകാരുണ്ടാക്കിയ ഇമേജ് ..!!!) മറുപടികളില്‍  എനിക്കേറ്റവും ഇഷ്ടപ്പെട്ടത്  - " അവള്‍ ഡിഗ്രി വരെ പഠിച്ചതാ ഡിസൈനെര്‍ക്കൊന്നും അയക്കൂല " അവളെ കെട്ടാന്‍ അന്ഗമാലിയിലെ പ്രധാനമന്ത്രി വരും എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ അരിശം തീര്‍ത്തു.
" നീ എവിടെനിന്നെങ്കിലും ലൈന്‍ അടിച്ചു കേട്ടിക്കോളും എന്നാ ഞാന്‍ വിചാരിച്ചത് " - അമ്മ. 
" കോളേജില്‍ പഠിക്കുംബോഴോന്നും അമ്മ ഇങ്ങനെ പറഞ്ഞില്ലല്ലോ ..!!!" ( പറഞ്ഞിരുന്നെങ്കില്‍ നീ കൊറേ ഒലത്തിയേനെ ...!!!)
എന്ത് ചെയ്യും ... ???
പുരോഗമനപരമായ ചില ആശയങ്ങള്‍ ഉയര്‍ന്നു വന്നു. ആത്മ സുഹൃത്തായ ദില്ജിത്തിന്റെ ആപ്തവാക്യം - " ഈ പാരലല്‍ കോളേജ് എന്ന് പറഞ്ഞാ ഒരു തരത്തില്‍ unregistered marriage bureau ആണ് "
"ആണോ ?"
" പിന്നല്ലാതെ ! നീ സംശയം ഉണ്ടെങ്കില്‍ ഷിംജു വിനെ  വിളിച്ചു ചോദിക്ക് "
ഷിംജു - എന്റെ കസിന്‍ . അവന്‍ തലശേരിയിലെ ഒരു കോളേജില്‍ അക്കൌണ്ടിംഗ് വാധ്യാരാണ്.
സമയം കളഞ്ഞില്ല ഞാന്‍ . വിളിച്ചപ്പോ അവന്‍ പറഞ്ഞു - "ഒരു പന്ത്രണ്ടു മണിയാകുമ്പോ ഇങ്ങോട്ട് പോര് എല്ലാം നമുക്ക് ശരിയാക്കാം."
ഞങ്ങള്‍ അവിടെയെത്തിയപ്പോ മനസ്സിലായി അവന്റെ പ്രിന്‍സിപ്പാള്‍ പുലിയാണെന്ന്. അദ്ദേഹം താന്‍ ഇടപെട്ടു ശരിയാക്കിക്കൊടുത്ത വിവാഹ ബന്ധങ്ങളെപ്പറ്റി വാചാലനായി.
ചെറിയ ഒരു കോളേജ് ആണ്. ക്ലാസ്സ്‌ വിടുമ്പോള്‍ കുട്ടികള്‍ വരിവരിയായി ഓഫീസിനു മുന്നിലൂടെ കടന്നു പോകും. അപ്പോള്‍ നമ്മള്‍ സ്കാന്‍ ചെയ്യണം ( ചോര കുടിക്കാന്‍ പാടില്ല എന്ന് ഞാന്‍ എന്റെ മനസ്സിനെ ചട്ടം കെട്ടി ). എന്നിട്ട് ഏതു കുട്ടി കടന്നു പോകുമ്പോളാണ് മനസ്സില്‍ ലഡ്ഡു പൊട്ടുന്നത് എന്ന് വെച്ചാ പ്രിന്‍സിയുടെ കാലില്‍ തട്ടണം. അപ്പൊ പ്രിന്‍സി നോട്ട് ചെയ്യും. എല്ലാ കുട്ടികളുടെയും പേര് പ്രിന്സിക്ക് അറിയാമായിരുന്നു. പിന്നെ അവരുടെ വിലാസങ്ങള്‍ എഴുതി ലിസ്റ്റ് തരുന്നു , നമ്മള്‍ അവരുടെ വീട്ടിലേയ്ക്ക് ഡീസെന്റായി പോകുന്നു. ഇതായിരുന്നു പ്ലാന്‍ . 
ക്ലാസ് വിട്ടു , നമ്രമുഖികള്‍ വരിവരിയായി പോകാന്‍ തുടങ്ങി, എല്ലാവരുടെയും കള്ളക്കടക്കണ്ണ് ഓഫീസിലേയ്ക്ക് തുരുതുരാ വരുന്നതും അതിനു ശേഷം മുഖത്ത് ഒരു പുഞ്ചിരി വിരിയുന്നതായും ഞാന്‍ ശ്രദ്ദിച്ചു. എന്റെ തുറിച്ചു നോട്ടം കണ്ടിട്ടാണോ അതോ എന്തിനാണ് ഞാന്‍ നോക്കുന്നത് എന്ന് മനസ്സിലായിട്ടാണോ ? എന്തെങ്കിലും ആവട്ടെ !. എന്റെ മനസ്സില്‍ തുടരെ ലഡ്ഡു പൊട്ടാനും പ്രിന്‍സിയുടെ കാലില്‍ തുടരെ ചവിട്ടുകള്‍ വീഴാനും തുടങ്ങി. കുട്ടികള്‍ പോയി തീരുന്നതുവരെ ഞാന്‍ പ്രിന്‍സിയുടെ ഭാഗത്തേക്ക് നോക്കിയിട്ടുണ്ടായിരുന്നില്ല. ഒഴുക്ക് നിലച്ചപ്പോള്‍ ഞാന്‍ പ്രസന്നവദനനായി പ്രിന്‍സിയുടെ മുഖത്തേക്ക് നോക്കി. അദ്ദേഹത്തിന്റെ മുഖഭാവം മാറിയിരുന്നു !
"കാലില്‍ മെല്ലെ തട്ടിയാ മതി എന്നാണു പറഞ്ഞിരുന്നത് ." അദ്ദേഹം അത് പറഞ്ഞപ്പോളാണ് എന്റെ ചവിട്ടു ഇച്ചിരി കൂടിപ്പോയി എന്നു ഞാന്‍ മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ ലിസ്റ്റില്‍ മൊത്തം 17 പേര് ..!!! പാവം പ്രിന്‍സി ...!!! രെജിസ്റ്ററില്‍ നോക്കി വിലാസം കുറിച്ച് തരുമ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു 
"കാലില്‍ കിട്ടിയ ചവിട്ടിന്റെ ശക്തി അനുസരിച്ച് ആണ് ഞാന്‍ ലിസ്റ്റ് ഇടുന്നത് . അതായത് ഏറ്റവും നല്ലച്ചവിട്ടു വന്നത് ഷിജിന കടന്നു പോയപ്പോഴായിരുന്നു . അത് കൊണ്ടു അവളുടെ അഡ്രെസ്സ് ആദ്യം എഴുതിയിട്ടുണ്ട്."
പണ്ട് സൈക്കിളില്‍ നിന്നും വീണപ്പോള്‍ ചിരിച്ചത് ഓര്‍ത്തെടുത്തു ഞാന്‍ ആ അവസരത്തില്‍ അവതരിപ്പിച്ചു . മാഷിന്റെ അക്കൌണ്ടിംഗ് തല അവിടെ വര്‍ക്ക് ചെയ്തത് ഞാന്‍ അതിശയത്തോടെ മനസ്സിലാക്കി.
ഗള്‍ഫുകാരന്റെ സ്റ്റൈലില്‍ ഹസ്തദാനം ചെയ്ത്, ലിസ്റ്റുമായി ഞങ്ങള്‍ ഇറങ്ങി. 
ഷിജിനയുടെ പേരില്‍  പ്രിന്സിക്ക് കൊണ്ട ചവിട്ടിനു ഫലം കാണുമോ എന്ന് ആദ്യം തന്നെ നോക്കാന്‍ തീരുമാനിച്ചു.
ഷിജിനയുടെ വീട് - 
ഞങ്ങള്‍ മസിലുപിടിച്ചു കൊണ്ടു കയറിച്ചെന്നു , കാര്യം അവതരിപ്പിച്ചു. ഷിജിനയുടെ അച്ഛനുമായി സംസാരിക്കുന്നു , അച്ഛന്‍ അകത്തേക്ക് പോകുന്നു , കുട്ടിയോട് ചായ റെഡി ആക്കി കൊണ്ടുവരാന്‍ പറയുന്നു, പിന്നെ അകത്തു ചില കുശുകുശുക്കല്‍ ...!!! അതിനോടകം ഏകദേശം പതിനഞ്ചോളം പെണ്ണുകാണല്‍ ചടങ്ങ് അറ്റന്‍ഡ് ചെയ്ത എനിക്ക് ആ കുശുകുശുക്കലില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. പക്ഷെ അടുത്ത നിമിഷം സാക്ഷാല്‍ ഷിജിന പുറത്തേക്കു വന്ന് എന്നോടൊരു ചോദ്യം ! 
"സജുവേട്ടനല്ലേ ?"
ട്യോന്ഗ് .....!!!!!!! അതുവരെ പിടിച്ചുവെച്ച മസില് ശൂ .......!!!
" അ...... അ ....... അതെ "
എന്റെ അമ്പരപ്പില്‍നിന്നും ചമ്മലില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടപോലെ ഷിജിന വീണ്ടും ചോദിച്ചു .
" നിങ്ങള്‍ക്കെന്നെ മനസ്സിലായില്ലേ ? "
വീണ്ടും ട്യോന്ഗ് .....!!!!!!!. ദില്ജിത്ത് മുഖം ച്ചുളിച്ചുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി. 'ഇങ്ങനെ ഒരു നാടകം .....??? ' അതായിരുന്നു ആ നോട്ടത്തിന്റെ അര്‍ഥം.
ഞാന്‍ എന്റെ നാടകം ഇങ്ങനല്ല എന്ന് അര്‍ത്ഥമാക്കിക്കൊണ്ട് തലയാട്ടി.
" ഇല്ല .... എനിക്കോര്‍മ കിട്ടുന്നില്ല ..." ഷിജിനയുടെ മുഖം വീണ്ടും സ്കാന്‍ ചെയ്ത് എന്റെ പെന്റിയം 2 തലയില് സേര്‍ച്ച്‌ കൊടുത്തുകൊണ്ട് ഞാന്‍ പറഞ്ഞു.
" നിങ്ങള്‍ ബാംഗ്ലൂരില്‍ ഉണ്ടായിരുന്നില്ലേ ?" വീണ്ടും ഷിജിന.
ബാന്‍ഗ്ലൂര്‍ എന്ന വാക്കുകൂടി ചെര്‍ത്തുവേച്ചപ്പോ തലയില്‍ ബള്‍ബും കത്തലും ലഡ്ഡു പൊട്ടലും ഒക്കെ ഒരുമിച്ചായിരുന്നു.
" ശിങ്കി ........? " ഞാന്‍ ചോദിച്ചു . അവള്‍ തലയാട്ടി. 
കൂട്ടച്ചിരിക്കിടയില്‍ ഒരു ഫ്ലാഷ് ബാക്ക്  - 

ബാംഗ്ലൂര്‍ ജീവിതം - അവിടെ താമസിച്ചിരുന്ന കസിന്റെ വീട്ടില്‍ രണ്ടുമാസത്തെ അവധിക്കാലത്ത്‌ കുട്ടികള്‍ക്കൊരു കൂട്ടായി വന്നതായിരുന്നു ഷിജിന. ഒഴിവുദിവസങ്ങളില്‍ ഞാന്‍ കുട്ടികളോടൊപ്പം കളിക്കാന്‍ കൂടുമായിരുന്നു. മെലിഞ്ഞു തീപ്പെട്ടിക്കൊള്ളിപോലെയുണ്ടായിരുന്ന ആ കൊച്ചു പെണ്ണിനെ വിളിച്ചിരുന്നത്‌ 'ശിങ്കി ' എന്നായിരുന്നു . ഒറിജിനല്‍ പേര് അറിയില്ലായിരുന്നു (അറിഞ്ഞാലും മനസ്സിലാകുമായിരുന്നില്ല, ശിങ്കി വളര്‍ന്നു പന്തലിച്ചു ഒരു പ്രസ്ഥാനമായി മാറിയിരുന്നു ) 

അന്നത്തെ എന്റെ ഡയലോഗ് ആണ് പിന്നീട് 'വിനോദയാത്ര' എന്ന സിനിമയില്‍ വിനോദ് എന്ന കഥാപാത്രം പറഞ്ഞത് 
"എന്നാലും ശിങ്കീ....... എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല ....നീയങ്ങു വളര്ന്നുപോയല്ലോ " ചമ്മല്‍ മറയ്ക്കാന്‍ രണ്ടു മൂന്നു തവണ ആവര്‍ത്തിച്ചു.
അവിടെ വെച്ചുതന്നെ കസിനെ വിളിച്ചു കാര്യം പറഞ്ഞു കൂട്ടച്ചിരി അവിടത്തെക്കും വ്യാപിപ്പിച്ചു. ചായയും ചിപ്സും ബിസ്ക്കറ്റും ഒക്കെകഴിച്ചു ഞങ്ങള്‍ ഇറങ്ങി.
ഇറങ്ങുമ്പോള്‍ ഒരുതവണ കൂടി - "എന്നാലും ശിങ്കീ........നീയങ്ങു വളര്ന്നുപോയല്ലോ " 

Sunday, 3 June 2012

തേങ്ങ

എന്റെ ബിരുദ പഠനം തലശ്ശേരി മഹാത്മാ കോളേജില്‍ ആയിരുന്നു. കടല്‍ക്കരയില്‍ പണ്ട് ബ്രിട്ടീഷുകാര്‍ പാണ്ടികശാലയായി ഉപയോഗിച്ചിരുന്ന കെട്ടിടം. ജനലില്‍ കൂടെ നോക്കിയാല്‍ കടല്‍പ്പാലം കാണാം. പണ്ട് ഉരു വന്നു നിര്‍ത്തിയിരുന്നു, കെട്ടിയിട്ടിരുന്നു എന്നൊക്കെ ആരൊക്കെയോ പറഞ്ഞു കേട്ടു. പാലത്തിന്റെ അറ്റത്ത്‌ പോയാല്‍ കോണ്ക്രീട്ടു തകര്‍ന്നു രൂപപ്പെട്ട ഒരു ദ്വാരം ഉണ്ട് . അതിലൂടെ താഴെ ഇറങ്ങിയാല്‍ പാലത്തിനും തിരയിലക്കങ്ങല്‍ക്കിടയിലും ഹൃദയമിടിപ്പിന്റെ ദൂരം മാത്രം. ക്ലാസ്സു കട്ട് ചെയ്തു ഇരിക്കാന്‍ പറ്റിയ സ്ഥലം..! പക്ഷെ എന്നെപ്പോലെ സാഹസികര്‍ മാത്രമേ ആ ഒരു സ്ഥലത്ത് ഇരിക്കാരുണ്ടായിരുന്നുള്ളൂ. 
ബ്രിട്ടീഷ് ഹിസ്ടറി ക്ലാസ്സ്‌ മാത്രമേ ഞങ്ങള്‍ കട്ട്‌ ചെയ്യാരുണ്ടായിരുന്നുള്ളൂ. പക്ഷെ ആഴ്ചയില്‍ രണ്ടു ക്ലാസ് "കത്തി രാജന്‍ " പഠിപ്പിക്കാന്‍ തുടങ്ങിയതോടെ പാലത്തിനടിയിലെ സാഹസികതയും ബോറടിച്ചുതുടങ്ങി. അത് കാരണം ഒരുദിവസം ഞങ്ങള്‍ ധര്‍മടം തുരുത്തില്‍ പോകാന്‍ തീരുമാനിച്ചു.
ധര്‍മടം തുരുത്ത്‌ - തലശേരിയില്‍നിന്നും കണ്ണൂരിലേയ്ക്ക് പോകും വഴി സ്ഥിതിചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം. കരയില്‍ നിന്നും ഏതാണ്ട് 100 മീറ്റര്‍ അകലെ ഒരു കൊച്ചു ദ്വീപ്‌...!
ഞങ്ങള്‍ 6 പേര്‍ ഉണ്ടായിരുന്നു. ആരോ നടന്‍ ജയനെ അനുകരിച്ചു
" ഒരു തോണി കിട്ടിയിരുന്നെങ്കില്‍ .... തുരുത്തില്‍ പോകാമായിരുന്നൂ.....!!!" 
ശാന്തമായ കടലും തലയെടുത്തുനില്‍ക്കുന്ന തുരുത്തും എന്നിലെ സാഹസികനെ ഉണര്‍ത്തി.ഞാന്‍ പറഞ്ഞു 
" തോണി യൊന്നും വേണ്ട . അവിടെയ്ക്ക് നടന്നു പോകാം." 
കൂട്ടുകാര്‍ ചിരിച്ചു തള്ളി. ഉണര്‍ന്ന സാഹസികത സടകുടഞ്ഞു ! 
"കാണണോ ?" 
ഞാന്‍ ചോദിച്ചപ്പോള്‍മറ്റൊരു ശബ്ദം - " ഡാ ഞാനും ഉണ്ട് " 
നോക്കിയപ്പോ ഷിബുരാജ്. സാഹസികതയുടെ മറ്റൊരു രൂപം ..!!!
ഞങ്ങള്‍ അതിസാഹസികമായ ആ യജ്ഞം ആരംഭിച്ചു. തുരുത്ത് ലക്ഷ്യമാക്കി കടലിലൂടെ നടക്കാന്‍ തുടങ്ങി.വെള്ളത്തിന്റെ നിരപ്പ് കാല്‍മുട്ടും കഴിഞ്ഞു ..... അരഭാഗം കഴിഞ്ഞു .... നെഞ്ചും കഴിഞ്ഞു. തുരുത്തിലേയ്ക്ക് ഏതാണ്ട് പകുതി ദൂരം ഇനിയും ഉണ്ട് .ഞാന്‍ നെഞ്ചില്‍ ഉടലെടുത്ത ഭയം പുറമേ കാണിക്കാതെ ഷിബുവിനോട് ചോദിച്ചു
" നിനക്ക് പേടി തോന്നുന്നുണ്ട് അല്ലെ ഷിബു ?"
അവന്‍ പറഞ്ഞു " ഹേ ഇല്ല "
ഞങ്ങള്‍ രണ്ടു മീറ്റര്‍ കൂടി താണ്ടിയിട്ടുണ്ടാവും, ഷിബു എന്നോട് ചോദിച്ചു
"നിന്റെ മനസ്സില്‍ പേടി തോന്നുന്നുണ്ട് അല്ലെ സജു ?"
അവന്റെ മനസ്സിന്റെ കണ്ണാടിയില്‍ ഭയം നിഴലിക്കുന്നത് ഞാന്‍ കണ്ടു. പക്ഷെ ഞാനും വിട്ടുകൊടുത്തില്ല. "ഹേ ഒട്ടും ഇല്ല " ഞാനും പറഞ്ഞു.
വീണ്ടും മുന്നോട്ട്. കഴുത്തറ്റം വെള്ളം .......മുന്നോട്ട് വെച്ച കാല്‍ മുന്നോട്ട് തന്നെ .....അഭിമാനം വിട്ടു കളിക്കാന്‍ പറ്റുമോ ....?ഭാഗ്യം .... വെള്ളത്തിന്റെ നിരപ്പ് കഴുത്തില്‍നിന്നും നെഞ്ജിലെയ്ക്ക് താണു.അതെ തുരുത്തിന്റെ തീരം ....! കാല്‍ക്കീഴില്‍ ....!മനസ്സിലെ ഭയം ആഹ്ലാദത്തിനു വഴിമാറി.നിമിഷങ്ങള്‍ക്കകം ഞങ്ങള്‍ ലക്ഷ്യത്തിലെത്തി. ഞങ്ങള്‍ അക്കരെ നില്‍ക്കുന്ന സുഹൃത്തുക്കളെ നോക്കി കൈ വീശിക്കാണിച്ചു. തിരിച്ചു ചെന്നാല്‍ എങ്ങനെയൊക്കെ ഞെളിയണം എന്ന് മനസ്സില്‍ പ്ലാനിംഗ് തുടങ്ങി.
"ദ്വീപില്‍നിന്നും എന്തെങ്കിലും തിരിച്ചു കൊണ്ടുപോകണ്ടേ ഒരു അടയാളമായിട്ടു ? "ഞാന്‍ ചോദിച്ചപ്പോള്‍ ഷിബുവിന്റെ നോട്ടം ഒരു കൊച്ചു തെങ്ങിന്റെ മണ്ടയിലേക്കു പോയി.അപ്പോള്‍ മനസ്സില്‍ ബള്‍ബ്‌ കത്തി (ഇപ്പോളാണെങ്കില്‍ ലഡ്ഡു പൊട്ടിയേനെ )കഷ്ടപ്പെട്ട് കയറി രണ്ടു തേങ്ങ കൈക്കലാക്കി.ഞങ്ങള്‍ തിരിച്ചു യാത്ര തുടങ്ങി.ലോകം വെട്ടിപ്പിടിച്ച സന്തോഷത്തോടെ ഞങ്ങള്‍ മുന്നേറുകയാണ് .വളരെ ലാഘവത്തോടെ ഞങ്ങള്‍ തിരികെയെത്തുകയാണ് , കയ്യില്‍ തേങ്ങയുമായി.വിജയശ്രീലാളിതരായി തിരിച്ചെത്തിയ ഞങ്ങളെ വരവേല്‍ക്കാന്‍ വേറൊരാളും കൂടെ ഉണ്ടായിരുന്നു.....!!!കൈ രണ്ടും പിന്‍വശം കെട്ടി, ബനിയനും ധരിച്ചു ലുങ്കിയും മടക്കിക്കുത്തി, ഒരു തടിയന്‍...!!!മറ്റുള്ളവരുടെ നില്‍പ്പ് കണ്ടപ്പോള്‍ മനസ്സിലായി സംഗതി പന്തിയല്ല!മനസ്സില്‍ അതുവരെ കത്തിനിന്നിരുന്ന ബള്‍ബു ഫ്യൂസ് ആയി !പെട്ടെന്നായിരുന്നു പ്രതികരണം
" ഇങ്ങോട്ട് വാടാ കള്ളാ ... നിന്റച്ചന്‍ നട്ടുനനച്ചതാണോടാ ആ തെങ്ങു ?" ഇങ്ങനെ തുടങ്ങി തെറിയുടെ തുടക്കം.ഞാന്‍ പിറകിലേയ്ക്ക് നോക്കി ഷിബുവിന്റെ പൊടിപോലും കണ്ടില്ല.അവന്‍ നേരത്തെ അപകടം മണത്തിരുന്നു എന്നതും കയ്യിലുണ്ടായിരുന്ന തേങ്ങ പാതിവഴിയില്‍ കളഞ്ഞതും ഞാന്‍ പിന്നീടാണ് മനസ്സിലാക്കിയത്.തടിയന്‍ കയ്യങ്കളിക്ക് മുതിരുംമുന്പേ ഞങ്ങളുടെ കൂട്ടത്തിലോരുവന്‍- ജിസു ജേക്കബ്‌ വന്നു അയാളെ സമാധാനിപ്പിച്ചു. ഒന്നിന് 25 രൂപ വെച്ച് 50 രൂപ കൊടുക്കേണ്ടിവന്നു ആ തിളപ്പു ശമിപ്പിക്കാന്‍ !അതിനു ശേഷം അവിടെ അരങ്ങേറിയ " പവനായി ശവമായി " എന്ന ബാലെയുടെ കഥ ഞാന്‍ പ്രതേകിച്ചു വിവരിക്കേണ്ട ആവശ്യമില്ലല്ലോ.!ഒരു കാരണവശാലും ക്ലാസിലെ പെണ്‍കുട്ടികള്‍ ഈ കഥ അറിയരുത് എന്ന് എല്ലാവരുടെയും കാലുപിടിച്ചു ഞാന്‍ പറഞ്ഞു, ഉറപ്പു വരുത്തി.അന്ന് പിന്നെ ക്ഷീണം കാരണം കോളെജിലേയ്ക്ക് പോയില്ല. വീട്ടില്‍ വന്നു.വൈകുന്നേരം അച്ഛന്‍ ജോലി കഴിഞ്ഞു വന്നപ്പോള്‍ നെഞ്ചില്‍ ഒരു വിങ്ങല്‍ ...!!!ആരും കാണാതെ കുറച്ചു കരഞ്ഞ് അത് മാറിക്കിട്ടി.പിറ്റേന്ന് ക്ലാസ്സില്‍ എന്തോ സംസാരിച്ചു കൊണ്ടിരുന്ന സീമ പറഞ്ഞു : തേങ്ങ !ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി ഇപ്പൊ ചമ്മിയേനെ ! എന്നെ ഉദ്ദേശിച്ചല്ല .ഞാന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോ പെണ്‍കുട്ടികളുടെ അടക്കിപ്പിടിച്ച ചിരി ഒരു അട്ടഹാസമായി രൂപം പ്രാപിച്ചു.അതെ അവര്‍ എന്നെ ചതിച്ചു ........!!! തേങ്ങ ....!!!മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ സുധീഷിനെ പോലെയായി എന്റെ അവസ്ഥ. "കിണ്ടി" ക്ക് പകരം "തേങ്ങ "

ചെങ്കല്ല്


ഈ മാസം പണം കുറെ വേണം . വണ്ടിയുടെ തവണ അടവ് ഇതുവരെ തെറ്റിച്ചിട്ടില്ല. തെറ്റിക്കാന്‍ പാടില്ല എന്നത് പുതിയ വണ്ടിയുടെ താക്കോല്‍ കയ്യില്‍ തരുമ്പോള്‍ അച്ഛന്‍ തന്ന ഉപദേശങ്ങളില്‍ ഒന്ന് മാത്രം. ഇനി തെറ്റിക്കാന്‍ ബാക്കിയുള്ളതും ഈ ഉപദേശം മാത്രം. മനപൂര്‍വമല്ല ...... സാഹചര്യങ്ങള്‍..... ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കഷ്ടിച്ച് വീടുചിലവും വണ്ടിയുടെ തവണ അടയ്ക്കാനുള്ള പണവും ഞാന്‍ സമ്പാദിച്ചിരുന്നു കഴിഞ്ഞ മാസം വരെ. പക്ഷെ മഴ ......!!! എനിക്ക് വളരെ ഇഷ്ടമാണ് എന്ന് പണ്ടുമുതലേ പറയാറുണ്ടായിരുന്ന അതേ മഴ ഈ മാസം സാമ്പത്തിക നില ആകെ താറുമാറാക്കി. ഇഷ്ടം പോലെ കല്ല്‌ എടുത്തോണ്ടിരുന്ന കപ്പണയില്‍ വെള്ളം നിറഞ്ഞു . ( കപ്പണ -  ചെങ്കല്ല് കൊത്തിയെടുക്കുന്ന ക്വാറി ) പുതിയ പണയില്‍ അഡ്വാന്‍സ്‌ കൊടുക്കാന്‍ പറ്റാത്തതുകൊണ്ട് ഊഴം കാത്തു കിടക്കണം ...! രാവിലെ ഏഴുമണിക്ക് വണ്ടികൊണ്ട്  പണക്കരയില്‍ ഇട്ടതാ ! ഇപ്പൊ സമയം ഒമ്പതെ മുക്കാല്‍ !. പുതിയ പണയായതുകൊണ്ട്‌  കട്ടിക്കല്ലാണ് . തട്ടുകാരുടെ നടുവൊടിയും. ( തട്ടുകാര്‍ - മെഷീന്‍ മുറിച്ചിടുന്ന കല്ലുകള്‍ അടര്തിയെടുക്കുന്നവര്‍ ) സെക്കന്റ് കല്ലിനു അടുത്തെവിടെയും ഓര്‍ഡര്‍ ഇല്ല താനും. ( ക്വാളിറ്റി അനുസരിച്ച് കല്ലുകള്‍ മൂന്നായി തരം തിരിച്ചിരിക്കുന്നു )  ജോസേട്ടന്റെ വണ്ടി ഏതാണ്ട് പകുതിയായി. പോയി മുട്ടിനോക്കാം. 
"ജോസേട്ടാ  ഞാന്‍  സെക്കന്റിനു  വെച്ചോട്ടെ ?"
" നീ ഫസ്റ്റ് എടുത്തോടാ "
രണ്ടാമത്തെ പൊളിയാണ് അടിക്കുന്നത് എന്നിട്ട്  ഫസ്റ്റ് പോലും...!! പുളിച്ച തെറിയാണ് മനസ്സില്‍ വന്നത് പക്ഷെ ചിരിച്ചു . ജോസേട്ടന്‍ വീണ്ടും 
" നീ പാനൂരല്ലേ പോകുന്നത് ? അവിടെ ഇതൊക്കെ മതി "
പണ മുതലാളിക്കൊക്കെ എന്തും പറയാലോ ... രണ്ടു രൂപയുടെ വ്യത്യാസമാണ് ഫസ്റ്റും സെക്കന്റും തമ്മില്‍.
" ഇല്ല ജോസേട്ടാ എനിക്ക് നാട്ടില്‍ ഒരു ഓര്‍ഡര്‍ ഉണ്ട് "
" ആ എടുത്തോ  ...! നാട്ടില്‍ ഇറക്കീട്ടു പെട്ടെന്നൊന്നും ഇങ്ങോട്ട് പോരണ്ട. രാജന്‍ വരുന്നുണ്ട് " 
ജോസേട്ടന്റെ രണ്ടാമത്തെ ലോറിയുടെ ഡ്രൈവര്‍ ആണ് രാജന്‍ .
സീറ്റില്‍ കിടന്നുറങ്ങുകയായിരുന്ന സുനിലെട്ടനെ ഞാന്‍ തട്ടിവിളിച്ചു . വണ്ടിയെടുത്തു ജോസേട്ടന്റെ ലോറിക്ക് പിറകില്‍ വെച്ചു. ലോഡിങ്ങുകാര്‍ രണ്ടുപേരുണ്ടായിരുന്നു. രാവിലത്തെ അവസ്ഥ കണ്ടിട്ടാവണം വിനു മുങ്ങി.
" ഇന്ന് മൊത്തം രണ്ടു ലോഡ് കിട്ടിയാലായി വൈകുന്നേരം ഒരു തുള്ളി അടിക്കാന്‍ തെകയൂല "
ഇത്  സുനിലെട്ടനോട്  പറയുന്നത്  ഞാന്‍ കേട്ടിരുന്നു. ചീട്ടുകളിച്ചാല്‍ ചിലപ്പോ അതിലും കൂടുതല്‍ കിട്ടും . അധ്വാനവും ഇല്ല.  
"ഒരുവിധം സെക്കന്റാന്നു തോന്നുന്നതൊക്കെ എടുത്തോ സുനിയെട്ടാ .. പാനൂരെക്ക് തന്നെ പോകാം . എന്തായാലും പെട്ടെന്ന് വന്നാ കല്ലൊന്നും ഇല്ലല്ലോ."
സുനിയെട്ടന്‍ തലയാട്ടി.ഓരോ കല്ലും പ്ലട്ഫോമില്‍ ഇടുന്ന ശബ്ദവും കുലുക്കവും എന്റെ ചിന്തകളെ തെല്ലും അലട്ടിയില്ല. തലശ്ശേരി കോപ്രേടിവ്‌ ഹോസ്പിറ്റലില്‍ ഭയങ്കര കാശ് ചിലവാന്നാ കേട്ടത്. എന്തായാലും അച്ഛന് കുറച്ചെങ്കിലും ആശ്വാസം കിട്ടിയാ മതിയായിരുന്നു. ഷുഗര്‍ എന്തായാലും ഒരു കണ്ണിനെ പ്രവര്തനശേഷിയില്ലാതാക്കി. പക്ഷെ കൂടിക്കൂടി വരുന്ന ഈ ക്ഷീണം ! അതെന്താണാവോ ..? ഇന്നലെ പരിശോധിച്ചതിന്റെയൊന്നും റിസള്‍ട്ട് കിട്ടിയിട്ടില്ല ... ഈമാസം എന്തായാലും വണ്ടിയുടെ തവണ അടയ്ക്കണ്ട. അടുത്ത മാസം എന്തെങ്കിലും വഴി കാണാം. ചിന്തകള്‍ക്ക് ഭ്രാന്തുപിടിക്കാന്‍ സുനിയെട്ടന്‍ സമ്മതിച്ചില്ല. 
"പോകാം " 
ഞാന്‍ വിചാരിച്ചതിലും വേഗം തന്നെ വണ്ടി ഫുള്‍ ലോഡ് ആയി. 
 "കയ്യും കാലും കഴുകണോ " 
ഞാന്‍ ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് സുനിയെട്ടന്‍ തിരിച്ചൊരു ചോദ്യം .
" ഞാനെന്താ വിനുവാണോ ?" 
ചത്തുകിടന്നാലും ചമഞ്ഞുകിടക്കണം എന്ന വിനുവിന്റെ സിദ്ധാന്തം തെറ്റിക്കാന്‍ കാരണം ഇന്ന് ഒറ്റയ്ക്ക് എങ്ങനെയെങ്കിലും മൂന്നു ലോഡ് ഒപ്പിക്കണം എന്ന ചിന്തയാണ് എന്ന് ഞാന്‍ മനസ്സിലാക്കി . നല്ലകാര്യം . പണം വന്നിട്ട് തരാം എന്നതിന്റെ ആന്ഗ്യം ജോസേട്ടനോട് കാണിച്ചിട്ട് ഞാന്‍ വണ്ടിയെടുത്തു. ലോഡിന്റെ വെയ്റ്റ് സാധാരണയില്‍നിന്നും കൂടുതലാണെന്ന് മനസ്സിലാക്കാന്‍ അല്പം വൈകി. മഹീന്ദ്ര നിസ്സാന്‍ അനുവദിച്ചിട്ടുള്ള ഭാരത്തിന്റെ ഇരട്ടിയാണ്  എടുത്തിട്ട്‌ പോകുന്നത് . വണ്ടി ഒന്ന് പുറകോട്ടു എടുത്തിട്ട്‌ ഒരു ഇരമ്പലോടെ പണയില്‍നിന്നും കയറ്റി. മഴ ചാറുന്നുണ്ടായിരുന്നു. റോഡ്‌ നനവായതുകാരണം ശ്രദ്ധിച്ചു തന്നെയാണ് വണ്ടിയോടിച്ചത്. കട്ടിക്കല്ലിനു ഓര്‍ഡര്‍ കുറവായിരുന്നു. എജെന്റ് വല്സേട്ടനെ വിളിച്ചപ്പോ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ കട്ടി സെക്കന്റ് എത്ര വേണമെങ്കിലും കൊണ്ടുവന്നോള് എന്ന് കിട്ടിയ മറുപടി കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ഞാന്‍ ടേപ്പ് ഓണ്‍ ചെയ്തു . മഴ ഇത്തിരി കൂടിയിരുന്നെങ്കില്‍ .....വഴിയില്‍ പോലീസ് ചെക്കിംഗ് ഉണ്ടാവില്ല. അല്ലാതെ മഴയോട് ഉള്ള പ്രേമം കൊണ്ടല്ല. പക്ഷെ പേമാരിയില്‍ പലപ്പോഴും ലോഡ് കയറ്റാനും ഇറക്കാനും ഞാന്‍ ഇറങ്ങാറുണ്ടായിരുന്നു. അത് മഴയോടുള്ള ഇഷ്ടം കൊണ്ടാണെന്ന് പറഞ്ഞാല്‍ സുനിയെട്ടനും വിനുവും 'നട്ടപ്പിരാന്ത്‌' എന്ന് വിശേഷിപ്പിക്കും. 
പാട്യം കഴിഞ്ഞു പത്തായക്കുന്നു ടൌണിലൂടെ വണ്ടി പോയിക്കൊണ്ടിരിക്കുകയാണ് . പെട്ടെന്ന് ഇടതു വശത്ത്‌ നിര്‍ത്തിയിരുന്ന ഒരു സ്കൂട്ടെര്‍ വലതു വശത്തേയ്ക്ക് തിരിക്കുന്നത് ഞാന്‍ കണ്ടു. ബ്രെയ്ക്ക് ആഞ്ഞു ചവിട്ടിയെങ്കിലും അധിക ഭാരം കയറ്റി പോകുന്ന വണ്ടി പെട്ടെന്ന് നിക്കില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി, ഞാന്‍ സ്ടിയരിംഗ് വലത്തോട്ട് തിരിച്ചു. വണ്ടി സ്പീട് കുറഞ്ഞെങ്കിലും സ്കൂട്ടറില്‍ തട്ടി, അയാളെ വലതുവശത്തുള്ള തുറന്ന ചാലിലെയ്ക്ക് വീഴ്ത്തിക്കൊണ്ട്‌ വണ്ടി ഒരു മണ്തിട്ടയില്‍തട്ടി നിന്നു. എല്ലാം നിമിഷങ്ങള്‍കൊണ്ട്‌ കഴിഞ്ഞു. അടുത്തുള്ള കടകളില്‍നിന്നും ജനങ്ങള്‍ ഓടിക്കൂടി. ഒരു നിമിഷം മനസ്സില്‍ ആശുപത്രിയിലുള്ള അച്ഛനും  ചിലവും വണ്ടിയുടെ തവണയും എലാം മിന്നിമറഞ്ഞു. സുനിയെട്ടന്‍ എന്നോട് ചോദിച്ചു  "നമുക്കോടാം അല്ലെങ്കില്‍ ഇവന്മാര് കൈവെക്കും " 
മനസ്സാന്നിധ്യം വീണ്ടെടുത്തു ഞാന്‍ പറഞ്ഞു 
"വേണ്ട " 
ഞങ്ങള്‍ പുറത്തേക്കിറങ്ങി. ചാലില്‍ വീണ മനുഷ്യനെ എല്ലാവരും ചേര്‍ന്ന് പൊക്കിയെടുത്തു പെട്ടെന്ന് ഒരു  കാറ്‌  വന്ന് അതില്‍ കയറ്റി കൊണ്ടു പോയി. "മ " യില്‍ തുടങ്ങുന്ന വാക്കുകള്‍ ഉപയോഗിച്ച് ചിലര്‍ എന്നെ ചീത്ത പറയാന്‍ തുടങ്ങിയെങ്കിലും മറ്റുള്ളവര്‍ തടഞ്ഞു. കാരണം സംഭവം കണ്ടുനിന്ന എല്ലാവര്ക്കും തെറ്റ് എന്റെ ഭാഗത്തല്ല എന്ന് മനസ്സിലായിരുന്നു. പിന്നെ ചിലര്‍ ആളാവാന്‍ വേണ്ടി ശ്രമിക്കുന്നു എന്ന് മാത്രം. അടുത്തുള്ള ഒരു കടയില്‍ കയറി നിന്നു ഞാന്‍ എന്റെ നിസ്സഹായവസ്തയെക്കുരിചോര്‍ത്തു വിങ്ങിപ്പൊട്ടി. ചില ടാക്സി ഡ്രൈവര്‍മാര്‍ വന്ന് പറഞ്ഞു " നീയെന്തിനാ കരയുന്നത് ..? ഇവിടെയാരും നിന്നെ ഒന്നും ചെയ്യില്ല " ഇതുപോലെയുള്ള അവസരത്തില്‍ ഡ്രൈവര്‍  ഓടി രക്ഷപ്പെടുകയാണ് പതിവ് . ഞാന്‍ എന്റെ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചു. അതുവഴി പോയിരുന്ന കല്ല് വണ്ടികളെല്ലാം നിര്‍ത്തി, ആരാ എന്താ എന്നന്വേഷിക്കുന്നുണ്ടായിരുന്നു. കുറച്ചു സമയം കൊണ്ടു തന്നെ  സംഭവസ്ഥലത്ത് എന്റെ പരിചയവലയം എത്തി , തുടര്‍ന്ന് വേണ്ട നടപടിക്രമങ്ങള്‍ ചര്‍ച്ചചെയ്തു . സ്കൂട്ടര്‍ യാത്രക്കാരനെപ്പറ്റിയുള്ള വിവരം വന്നു. പ്രഥമദൃഷ്ടിയില്‍ കാര്യമായൊന്നും പറ്റിയിട്ടില്ല എന്ന് മനസ്സിലായി. നെഞ്ചില്‍ വേദനയുള്ളത് കാരണം കൂടുതല്‍ പരിശോധനകള്‍ വേണം എന്ന് . ഞാന്‍ അയാളെ കാണണം എന്നഭിപ്രായപ്പെട്ടു. അത് വേണോ എന്നുള്ള ചോദ്യങ്ങള്‍ ഉയര്ന്നുവെങ്കിലും ഞാന്‍ ശഠിച്ചു. അയാളെ പ്രവേശിപ്പിചിരിക്കന്ന ഹോസ്പിറ്റലിന്റെ പേര് കേട്ടപ്പോള്‍ ഞെട്ടി. തലശ്ശേരി കോപ്രേടിവ്‌ ഹോസ്പിറ്റല്‍ ...! അച്ഛന്‍ രണ്ടാം നിലയില്‍, അയാള്‍ താഴെ അത്യാഹിത വിഭാഗത്തില്‍ !  എങ്ങനെയെങ്കിലും അച്ഛന്‍ അറിയാതെ നോക്കണം. കുറച്ചു കഴിഞ്ഞു പറയാം. ഈ അവസ്ഥയില്‍ അച്ഛന്‍ ഇതും കൂടി അറിഞ്ഞാല്‍ വിഷമം കൊണ്ടു തന്നെ രോഗം കൂടുകയേയുള്ളൂ. ഞാന്‍ ഹോസ്പിറ്റലില്‍ എത്തി. അയാള്‍ കിടക്കുന്ന മുറി അന്വേഷിച്ചു കണ്ടു പിടിച്ചു. അങ്ങോട്ട്‌ കയറുമ്പോള്‍ ചെറിയ ഒരു പേടി ഉണ്ടായിരുന്നു. പക്ഷെ വിധി എന്നോട് കളിക്കുന്ന കളികള്‍ക്കിടയില്‍ കൂടുതലായി എന്ത് എന്ന സത്യം മനസ്സില്‍ ഒരു ധൈര്യം പകര്‍ന്നു. ഞാന്‍ മുറിയില്‍ കയറി. അയാളുടെ  ബന്ധുക്കള്‍ കുറച്ചുപേര്‍ അവിടെയുണ്ടായിരുന്നു. എല്ലാവരും എന്നെ സംശയത്തോടെ നോക്കി. അവിടെ കിടന്ന ആ മനുഷ്യന് അധികം പ്രായം ഉണ്ടായിരുന്നില്ല നല്പ്പതുകളുടെ തുടക്കം ആയിരിക്കാം. ഞാന്‍ അടുത്ത് ചെന്ന്‌ പരിചയപ്പെടുത്തി. 
"ഞാനാ ആ .... വണ്ടിയോടിച്ചിരുന്നത്. "
ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചിരുന്ന എന്നെ അദ്ദേഹത്തിന്‍റെ പ്രതികരണം അദ്ഭുതപ്പെടുത്തി. അദ്ദേഹം എന്റെ കൈ പിടിച്ച് പറഞ്ഞു 
 " എന്റെ തെറ്റാണ് .... ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കിയപ്പോ എന്റെ നേരെ വരുന്ന വണ്ടിയെയാണ് കണ്ടത് ... ഞാന്‍ ബാക്കിയുണ്ടാവും എന്നൊന്നും പ്രതീക്ഷിച്ചില്ല."
എന്റെ കണ്ണും മനസ്സും നിറഞ്ഞു .... കൂടുതല്‍ ഒന്നും സംസാരിക്കാന്‍ പറ്റാതെ ഞാന്‍ ആ മുറിയില്‍ നിന്നും ഇറങ്ങി. മുഖം കഴുകി, രണ്ടാമത്തെ നിലയില്‍ ജനറല്‍ വാര്‍ഡില്‍ ഉള്ള അച്ഛനെ കാണാന്‍ പോയി .ഈ വഴിക്ക് ലോഡും കൊണ്ടു പോയപ്പോള്‍ കേറിയതാണ് എന്ന് പറഞ്ഞ്‌ ഞാന്‍ വിങ്ങിപ്പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്ന മനസ്സിനെ വരിഞ്ഞു മുറുക്കി അഭിനയിച്ചു. പരിശോധനയുടെ ഫലം വന്നു എന്നും അച്ഛന് ക്രോണിക് ഹെപ്പെട്ടൈട്ടിസ് ആണ് എന്നും മാമന്‍ പറഞ്ഞു. അതിന്റെ കാരണം കണ്ടുപിടിക്കാന്‍ ഇനിയും ടെസ്റ്റുകള്‍ ഉണ്ടത്രേ. പേടിക്കാനൊന്നുമില്ല എന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട് എന്നും മാമന്‍ കൂട്ടിച്ചേര്‍ത്തു. കണ്ണില്‍ ഇരുട്ടുകയരുന്നതുപോലെ തോന്നി ....! അച്ഛന്‍ ...എന്റെ അച്ഛന്‍ പാവമായിരുന്നു. ലോകത്തെല്ലാവര്‍ക്കും നന്മ വരണം എന്നാഗ്രഹിക്കുന്ന, ദൈവവിശ്വാസിയായ, പരോപകാരിയായ എന്റെ അച്ഛന്‍  ഇത് പോലെയുള്ള രോഗങ്ങള്‍ വരാന്‍ പാടില്ലാത്തതാണ് . 
എന്റെ സുഹൃത്തുക്കള്‍ ആ സ്കൂട്ടര്‍ യാത്രക്കാരനെ കണ്ടു കാര്യങ്ങള്‍  വിശദമായി സംസാരിച്ചു. ഇബ്രാഹിം എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് . ഗള്‍ഫുകാരനാണ്‌ . രണ്ടാഴ്ച്ചകൂടിയെയുള്ളൂ ലീവ് . നെഞ്ചിന്റെ സ്കാനിംഗ് റിപ്പോര്‍ട്ട്‌ വന്നിട്ട് ബാക്കി കാര്യങ്ങള്‍ സംസാരിക്കാം എന്ന് ഡോക്ടര്‍ പറഞ്ഞതായി അദ്ദേഹം പറഞ്ഞു. കേസാക്കാന്‍ താല്പര്യമില്ല എന്ന തീരുമാനം അദ്ദേഹം അറിയിച്ചു. ബാക്കി കാര്യങ്ങള്‍  നാട്ടു മുഖ്യസ്തന്മാര്‍ തമ്മില്‍ സംസാരിക്കാം എന്ന ധാരണയില്‍ പിരിഞ്ഞു.
പിറ്റേ ദിവസം രാവിലെ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. എന്റെയും കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതി മനസ്സിലാക്കി, ഇബ്രാഹിംക്ക വെറും ആയിരം  രൂപ നഷ്ടപരിഹാരമായി വാങ്ങിച്ചുകൊണ്ടു ഒത്തുതീര്‍പ്പായി. സംഭവസ്ഥലം പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്ളതായിരുന്നു.  
പോലീസ് സ്റ്റേഷനില്‍ സംഭവം ഒത്തുതീര്‍ന്ന വിവരം അറിയിച്ചു അവിടെ കേസ്‌ ക്ലോസ് ചെയ്യേണ്ടാതായിട്ടുണ്ടായിരുന്നു. പിറ്റേദിവസം അവിടെ പോലീസ് മുറയില്‍ ചിലചോദ്യങ്ങള്‍ അഭിമുഖീകരിച്ചു, അതിനെപ്പറ്റി  ആദ്യം തന്നെ ബന്ധുവും സുഹൃത്തുമായ ബാബുപോലീസ് പറഞ്ഞുതന്നിരുന്നു. അത് കൊണ്ടു അത്തരം ചോദ്യങ്ങള്‍ക്കുമുമ്പില്‍ പതറിയില്ല. ഇബ്രഹിമ്ക്ക യുടെ മൊഴി രേഖപ്പെടുത്താന്‍ വേണ്ടി ഒരു പോലീസുകാരനേയും കൂട്ടി ഞാന്‍ ആശുപത്രിയില്‍ എത്തി. മുറിയില്‍ കയറിയപ്പോള്‍ അവിടെ ഇബ്രഹിമ്ക്കയും ഭാര്യയും പിന്നെ തടിച്ചു , തലപ്പാവുകെട്ടി, വെള്ളവസ്ത്രം ധരിച്ചു ,മീശയില്ലാത്ത, എന്നാല്‍ താടിയുള്ള ഒരാളും ഉണ്ടായിരുന്നു. പോലീസുകാരന്‍ ഇബ്രാഹിമ്ക്കയോഴിച്ചു ബാക്കിയെല്ലാവരും മുറിയില്‍നിന്നും പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ പുറത്തിറങ്ങി. ഇബ്രഹിമ്ക്കയുടെ ഭാര്യ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. മറ്റെയാള്‍ എന്നെ ചൂണ്ടി അവരോടു ചോദിച്ചു.
" ഇതാരാ ?"
"ഇതാണ് ആ ഇടിച്ച വണ്ടിയുടെ ഡ്രൈവര്‍ " അവര്‍ സൌമ്യമായി പറഞ്ഞു.
" ഓഹോ നീയാണ് അല്ലെ ? " അയാളുടെ ഭാവം മാറി.
" ഇത് നീ വിചാരിക്കുംപോലെ ആയിരം രൂപയിലൊന്നും ഒതുക്കാം എന്ന് വിചാരിക്കണ്ട. നീയെന്താ വിചാരിച്ചത് ? വണ്ടി കൊണ്ടിടിചിട്ട് ..... ഇതെന്താ തമാശക്കളിയാ...? "
ഞാന്‍ ഞെട്ടലോടെ അയാളെ നോക്കി. എന്നിട്ട് പറഞ്ഞു.
" പക്ഷെ ഇബ്രാഹിമ്ക്ക പറഞ്ഞത് ......." 
അയാള്‍ ഇടയ്ക്ക് കയറി 
" ഇബ്രാഹിം ഒരു പാവമായതുകൊണ്ട് അങ്ങനെ പറ്റിച്ചിട്ട് സമര്തനാവാം എന്ന് വിചാരിച്ചോ നീയ് ?"
എന്റെ തൊണ്ട വരണ്ടു ... ആശുപത്രി ചുമരും ചാരി , അയാള്‍ പറയുന്നതെല്ലാം ഞാന്‍ കേട്ടു നിന്നു.
വാതില്‍ തുറക്കപ്പെട്ടു. പോലീസുകാരന്‍ പുറത്തു വന്നു. ഉടനെ വെള്ളവസ്ത്രധാരി അകത്തേയ്ക്ക് പോയി. അപ്പോള്‍ ഇബ്രഹിമ്ക്കയുടെ ഭാര്യ എന്റെ അടുത്തുവന്നു.
" നീ പേടിക്കണ്ട ... അയാള്‍ പറയുന്നത് കാര്യമാക്കണ്ട. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാ മതി "
ആ വാക്കുകള്‍ അവരുടെ മുഖത്തുനിന്നും കേട്ടപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. കാരുണ്യം തുളുംബിനില്‍ക്കുന്ന ആ മുഖം ഇന്നും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു.
ഈ കാര്യങ്ങള്‍ എന്റെ അമ്മയോടും മറ്റുള്ളവരോടും വിവരിക്കുമ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. ഞാന്‍ മനസ്സിലാക്കുകയായിരുന്നു ... അച്ഛന്‍ തന്റെ ജീവിതം കൊണ്ടു എന്നെ പഠിപ്പിച്ചത് ... കാരുണ്യവും സ്നേഹവും നിറഞ്ഞ ഒരു ജീവിത രീതിയാണ്. അതിന്റെ ഫലം എനിക്ക് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട് . ഇത് അതില്‍ ഒന്ന് മാത്രം. ഇബ്രഹിമ്ക്കയ്ക്കും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യ സൌഖ്യങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു .

എനിക്ക് പ്രാര്‍ത്ഥിക്കണം


ചന്ദ്രേട്ടനെയും കാത്തു ബാംഗ്ലൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ കുറച്ചു സമയം മാത്രമേ ഇരുന്നുള്ളൂ എങ്കിലും വല്ലാത്ത മുഷിപ്പായിരുന്നു. തൊട്ടടുത്ത സിമെന്റ് ബെഞ്ചില്‍ ഇരുന്നു ഒരാള്‍ സിഗരെട്ടു വലിക്കുന്നു. ഇടയ്ക്ക് ചുമയ്ക്കുന്നും ഉണ്ട് . മുന്‍പൊന്നും സിഗരെട്ടിന്റെ പുക ഇത്രയും അസഹ്യമായിരുന്നില്ല. ചന്ദ്രേട്ടന്റെ അന്ജിയോഗ്രഫി റിപ്പോര്‍ട്ട്‌ കാണും വരെ വല്ലപ്പോഴും ഞാനും വലിച്ചിരുന്നു. രണ്ടു ബ്ലോക്ക് ആണ് ചന്ദ്രേട്ടന്റെ രക്തക്കുഴലുകളില്‍. ദിവസം ഒന്നോ രണ്ടോ സിഗരെട്ടു മാത്രമേ ചന്ദ്രേട്ടന്‍ വലിക്കാരുണ്ടായിരുന്നുള്ളൂ. പക്ഷെ പുകവലിയാണ് കാരണം എന്നാണു ഡോക്ടര്‍ പറഞ്ഞത്. ഇന്ന് രാത്രി പുട്ടപര്‍ത്തിയിലേക്ക് യാത്ര നടക്കുമോ എന്നറിയില്ല. സായിബാബ ഹോസ്പിറ്റലില്‍ ഹാര്‍ട്ട് ഓപ്പറേഷന്‍ സൌജന്യം ആണത്രേ. ട്രെയിന്‍ വന്നു, പ്ലാറ്റ് ഫോം കൂടുതല്‍ തിരക്കുള്ളതായി. തിരക്കിനിടയില്‍ ചന്ദ്രേട്ടനും രഞ്ജന്‍ ചേട്ടനും ഇറങ്ങുന്നത് ഞാന്‍ കണ്ടു. തിക്കിത്തിരക്കി ഞാന്‍ അവരുടെ അടുത്തെത്തി. 
ചന്ദ്രേട്ടനെ കൂട്ടി പുട്ടപര്‍ത്തിയിലെയ്ക്ക് പോകാന്‍ കൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞതനുസരിച്ച് കഴിഞ്ഞയാഴ്ചയാണ് രഞ്ജന്‍ ചേട്ടന്‍ രാജസ്ഥാനിലെയ്ക്ക് പോയത് . ചന്ദ്രേട്ടന്റെ ഹാര്‍ട്ട് അറ്റാക്കിന്റെ വിവരം അറിഞ്ഞു ഞങ്ങള്‍ എല്ലാവരും വിഷമിച്ചിരിക്കുമ്പോഴാണ് തികഞ്ഞ സായിഭക്തനായ കൃഷ്ണന്‍ മാസ്റ്റര്‍ ഞങ്ങള്‍ക്ക് ആശ്വാസമായത് . അദ്ദേഹം സായിബാബയെപ്പറ്റി വാചാലനായി. പുട്ടപര്‍ത്തിയിലെ സൌജന്യ ചികിത്സയെപ്പറ്റി അറിഞ്ഞപ്പോള്‍ ഞങ്ങളും ആ മഹദ് വ്യക്തിയെ മനസ്സില്‍ പ്രതിഷ്ടിച്ചു കഴിഞ്ഞിരുന്നു. തിക്താനുഭവങ്ങള്‍ മരവിപ്പിച്ച എന്നിലെ ഭക്തന്‍ അങ്ങനെതന്നെ കിടന്നു. പക്ഷെ ആയിരങ്ങള്‍ക്ക് ആശ്വാസമേകുന്ന ആ മഹാനെ ആരാധിക്കാതെ വയ്യ . 
ചന്ദ്രേട്ടനെ കാണുമ്പോള്‍ പ്രത്യേകിച്ച് ഒരു വ്യത്യാസവും ഉള്ളതായി തോന്നിയില്ല. പക്ഷെ പരിഭ്രമം ഉള്ളില്‍ ഉണ്ടെന്നു സംസാരത്തില്‍ വ്യക്തമായി. നേരെ പോയത് എന്റെ മാമന്റെ വീട്ടിലേയ്ക്ക് . ഇന്ന് അവിടെ തങ്ങി, നാളെ രാവിലെ പുട്ടപര്‍ത്തിയിലെയ്ക്ക് പോകാന്‍ ആയിരുന്നു വിചാരിച്ചിരുന്നത്. വൈകിക്കണ്ട എന്ന മാമന്റെ ഉപദേശം സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ വണ്ടിയും എടുത്തുകൊണ്ടു ഞങ്ങള്‍ രാത്രിതന്നെ പുറപ്പെട്ടു. ടൌണ്‍ വിട്ടതോടുകൂടി റോഡില്‍ തിരക്ക് കുറഞ്ഞു . ബാംഗ്ലൂരില്‍ നിന്നും പുട്ടപര്‍ത്തിയിലെയ്ക്ക് മണിക്കൂറുകളുടെ യാത്ര. പന്ത്രണ്ടു മണിയോടുകൂടി അവിടെ എത്തിച്ചേര്‍ന്നു. കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അതിരാവിലെ നാല് മണിക്ക് തന്നെ ഗൈറ്റിനു മുന്‍പില്‍ ക്യു നില്‍ക്കേണ്ടിവരും എന്നറിഞ്ഞു. ഉറങ്ങാന്‍ വളരെ കുറച്ചു സമയം മാത്രം. പെട്ടെന്ന് തന്നെ താമസ സൗകര്യം ശരിയായി, ഞങ്ങള്‍ ഉറങ്ങി. 
മൂന്ന് മണിക്ക് അല്പം ദീര്‍ഘ വീക്ഷണത്തോടെ രഞ്ജന്‍ ചേട്ടന്‍ എണീറ്റ്‌ ഗൈറ്റില്‍ പോയി നോക്കി. അപ്പോളേയ്ക്കും ക്യു മീറ്ററുകള്‍ നീണ്ടുപോയിരുന്നു. ഞങ്ങള്‍ മാറി മാറി ക്യു വില്‍ നിന്നു നേരം വെളുപ്പിച്ചു. ഗൈറ്റ് തുറക്കാന്‍ നേരം ചന്ദ്രേട്ടനെ വിളിക്കാം എന്ന് തീരുമാനിച്ചു. സമയം കഴിയുംതോറും ക്യു വിന്റെ നീളം കൂടിക്കൊണ്ടിരിക്കുന്നു. പല ഭാഷക്കാര്‍ , പല ദേശക്കാര്‍ , പല പ്രായക്കാര്‍ ... കാഷായ വസ്ത്ര ധാരികള്‍ എന്തൊക്കെയോ ഉരുവിട്ടുകൊണ്ട് അതിലെയൊക്കെ നടക്കുന്നുണ്ട്. ഗൈറ്റ് ന്റെ അരികെ രണ്ടു പേര്‍ നില്‍പ്പുണ്ട് , ഇടയ്ക്കിടെ പലരും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അവര്‍ വളരെ ശാന്തമായ മുഖത്തോട് കൂടി മറുപടി പറയുന്നു.എല്ലാവരും ചോദിക്കുന്നത് ഒന്ന് തന്നെ . ഗൈറ്റ് എപ്പോള്‍ തുറക്കും ? സന്യാസിമാര്‍ പ്രകോപിതരാവില്ലല്ലോ. 
ഒരു ഏഴു മണിയായിക്കാണും, ക്യു വിന്റെ ഇടയില്‍ ഒരു ആള്‍ക്കൂട്ടം രൂപ്പപ്പെടുന്നു. ഞങ്ങള്‍ ഊഴമിട്ട്‌ നില്‍ക്കുന്നതുകൊണ്ട് ഒരു അഞ്ചു മിനുട്ട് കൂടി കാത്തു നില്‍ക്കേണ്ടി വന്നു അവിടെ പ്പോയി നോക്കാന്‍. രഞ്ജന്‍ ചേട്ടന്‍ വന്നു എന്റെ സ്ഥാനത് നിന്ന ഉടന്‍ ഞാന്‍ ആ ആള്‍ക്കൂട്ടം എന്താണെന്നറിയാന്‍ പോയി. ഹൃദയഭേദകമായിരുന്നു ആ കാഴ്ച. സൌജന്യ ചികിത്സ പ്രതീക്ഷിച്ചു ഞങ്ങളെപ്പോലെ നിന്ന ആയിരക്കണക്കിന് രോഗികളുടെയും ബന്ധുക്കളുടെയും മനസ്സില്‍ തീ കോരിയിടുന്ന ഒരു കാഴ്ച. ക്യു വില്‍ നിന്ന ഒരു ചെറുപ്പക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു...! അദ്ദേഹത്തിന്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ കൂടെ. ആശുപത്രിയുടെ ചുറ്റുമതിലില്‍ ചാരിയിരുന്ന ആ അമ്മയുടെ കണ്ണുകളില്‍ കണ്ണുനീരുണ്ടായിരുന്നില്ല ...! ഒരു നിര്‍വികാരതയായിരുന്നു ആ മുഖത്ത് ..... ആരുടേയും കരളലിയിക്കുന്ന ആ രംഗം അധികനേരം കണ്ടു നില്‍ക്കാന്‍ എനിക്കായില്ല. തിരിച്ചു മുറിയിലേയ്ക്ക് വന്നു. 
ചന്ദ്രേട്ടനോട് അങ്ങനെ ഒരു സംഭവത്തെ പറ്റി പറഞ്ഞതേയില്ല. ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം ഗൈറ്റ് തുറന്നു , ഘട്ടം ഘട്ടമായി രോഗികള്‍ അകത്തേയ്ക്ക് പ്രവേശിച്ചു , ചന്ദ്രേട്ടനും രഞ്ജന്‍ ചേട്ടനും അകത്തേയ്ക്ക് പോയി. ആ അമ്മയുടെയും മകന്റെയും കാര്യം അറിയാന്‍ വേണ്ടി ഞാന്‍ വീണ്ടും അവിടെ നോക്കി. ഇതുവരെ ആ മൃതശരീരം അവിടെ നിന്നും മാറ്റിയില്ല....! കാഷായ വസ്ത്ര ധാരികള്‍ എന്തൊക്കെയോ ഉരുവിട്ടുകൊണ്ട് അതിലെയൊക്കെ നടക്കുന്നുണ്ട്. പരോപകാരം ചെയ്തു ചെയ്തു പ്രശസ്തനായ ആ ദൈവത്തിന്റെ ശിഷ്യന്മാര്‍ ......! ആരോ ഗൈറ്റില്‍ നില്‍ക്കുന്ന ശാന്തമായ മുഖമുള്ള സന്യാസിമാരോട് വിവരം പറഞ്ഞു. ശാന്തത കൈവിടാതെ അവര്‍ എന്തൊക്കെയോ ഉരുവിട്ടു...!!! കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ ആ അമ്മയുടെയും മകന്റെ മൃതശരീരത്തിന്റെയും മുന്‍പില്‍ ഒരു തുണി വിരിച്ച്‌ അതില്‍ ഒരു പത്തു രൂപ നോട്ട് ഇട്ടു. ഉടനെ ചുറ്റും നിന്നവര്‍ അവരവരുടെ കഴിവിനനുസരിച്ച് സംഭാവന ചെയ്യാന്‍ തുടങ്ങി. ഞാനും കൊടുത്തു അമ്പതു രൂപ. കാഷായ വസ്ത്ര ധാരികള്‍ അപ്പോഴും എന്തൊക്കെയോ ഉരുവിട്ടുകൊണ്ട് അതിലെയൊക്കെ നടക്കുന്നുണ്ട്. അല്പസമയത്തിനുള്ളില്‍ ആംബുലന്‍സ് വന്നു, മൃതദേഹം അതില്‍ കയറ്റപ്പെട്ടു, ആ അമ്മയെ രണ്ടു പേര്‍ ചെന്നു എഴുന്നേല്‍പ്പിച്ചു. ആ നിമിഷം ആ അമ്മ പൊട്ടിക്കരഞ്ഞു. ചിലമ്പിച്ച ശബ്ദം തൊണ്ടയില്‍ കുരുങ്ങി.അവര്‍ ആ പാവം സ്ത്രീയെ ആംബുലന്‍സില്‍ ഇരുത്തി. ആ വാഹനം നീങ്ങിയപ്പോള്‍ അവിടെയുള്ള പലരും കണ്ണു തുടയ്ക്കുന്നത് അവ്യക്തമായി ഞാന്‍ കണ്ടു. കണ്ണുനീര്‍ എന്റെയും കാഴ്ചയെ മങ്ങിയതാക്കി. കണ്ണു തുടച്ചു ഞാന്‍ സന്യാസിമാരെ നോക്കി. ശാന്തത കൈവെടിയാതെ അവര്‍ എന്തൊക്കെയോ ഉരുവിടുന്നുണ്ടായിരുന്നു. ഞാനും മനസ്സില്‍ വിചാരിച്ചു - എനിക്ക് പ്രാര്‍ത്ഥിക്കണം.ഞാന്‍ ഭക്തനാണ് ..!
(ചന്ദ്രേട്ടന്റെ കഥ ഇവിടെ പൂര്‍ണമാകുന്നില്ല - പരിശോധന കഴിഞ്ഞു അദ്ദേഹത്തിന് കിട്ടിയത് ഒന്നര വര്ഷം കഴിഞ്ഞുള്ള ഒരു ഡേറ്റ്..!. അത്രയ്ക്ക് രോഗികള്‍ ഓപ്പറേഷന്‍ കാത്തു കിടക്കുന്നു അവിടെ. എന്ത് ചെയ്യണം എന്ന് തീരുമാനിക്കാന്‍ വേണ്ടി നാട്ടിലേയ്ക്ക് തിരിച്ചു. വഴിക്ക് വെച്ച് ചന്ദ്രേട്ടന് വീണ്ടും നെഞ്ചു വേദന അനുഭവപ്പെട്ടു. നേരെ ബാംഗ്ലൂര്‍ നാരായണ ഹൃദയാലായ ഹോസ്പിറ്റലിലെയ്ക്ക് . ഉടനെ ഓപ്പറേഷന്‍ വേണം എന്ന് ഡോക്ടര്‍മാര്‍. വിജയകരമായ ഓപ്പറേഷന്‍ കഴിഞ്ഞു ഇപ്പോള്‍ ചന്ദ്രേട്ടന്‍ സുഖമായി രാജസ്ഥാനില്‍ കുടുംബ സമേതം ജീവിക്കുന്നു )

പവനായി ശവമായി

"പണിയും പട്ടിണിയും കൊടിയ മര്ധനങ്ങളും മാത്രം ഞങ്ങള്‍ക്ക് മിച്ചം"
തൊണ്ണൂറു ഡിഗ്രിയില്‍ കുനിഞ്ഞു നിന്നു, മുഖം ഉയര്‍ത്തിക്കൊണ്ടു പറയണം.... പറഞ്ഞു ..... പക്ഷെ ....
"എടാ ആ ഫീല്‍ വരട്ടെ മുഖത്ത് . മര്‍ദനം ഏറ്റു വേദനിക്കുന്ന കാളയാണ് നീ ". 
സംവിധായകനെ കുറ്റം പറയാന്‍ പറ്റില്ല. എങ്ങനെയെങ്കിലും പ്രേക്ഷകര്‍ എന്നെ കാണണം എന്നേ എന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഭാവം ഒന്നും ശ്രദ്ധിച്ചില്ല . ഇത്തവണ മുഖം ഉയര്‍ത്തിക്കൊണ്ടു ഭാവം വരുത്തിക്കൊണ്ട് തന്നെ പറഞ്ഞു. 
"പണിയും പട്ടിണിയും കൊടിയ മര്ധനങ്ങളും മാത്രം ഞങ്ങള്‍ക്ക് മിച്ചം" ....... 
"എടാ കാളയാണ് നീ കാള." 
ഭാവം വന്നപ്പോള്‍ കുനിയല്‍ ശരിയായില്ല. കോറസ് ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് നാടകം അഭിനയിക്കാന്‍ വന്നത്. ഇത്തവണ കോറസ് നന്നാക്കിയാല്‍ അടുത്തതവണ എന്തെങ്കിലും ക്യാരക്ടര്‍ റോള് കിട്ടും എന്നുള്ള പ്രത്യാശ.....! എല്ലാദിവസവും വൈകുന്നേരം ഏഴു മണിക്ക് തുടങ്ങിയാല്‍ പന്ത്രണ്ടു മണി വരെ നീളും റിഹേര്‍സല്‍. കാളയായും ആട് ആയും നെല്ചെടികളായും ഞങ്ങള്‍ ക്യാമ്പ് ഉഷാറാക്കി. കോറസ് ആയാല്‍ അങ്ങനെ ഒരു ഗുണം ഉണ്ട് . ലോകത്തുള്ളതും ഇല്ലാത്തതുമായ എന്ത് സംഗതിയായും നമുക്ക് മാറാം.മോഡേണ്‍ നാടകങ്ങളില്‍ കാലപുരുഷനും, മഴയും, തീയും, എന്തിനേറെ പറയുന്നു .... കക്കൂസ് ആയിട്ട് പോലും അഭിനയിച്ചു അരങ്ങു തകര്‍ത്ത കോറസ് വേഷങ്ങള്‍ ഉണ്ട് . നാടക മത്സരം ആയതുകൊണ്ട് എല്ലാവരും അവരവരുടെ റോള്‍ നന്നാക്കാന്‍ പരിശ്രമിച്ചു. ഞാനോ ... കാളയായാലും ആടായാലും സ്റെജിലയ്ക്ക് വരുമ്പോ മുന്നില്‍ തന്നെ ആവാന്‍ പ്രത്യേകം ശ്രദ്ദിച്ചിരുന്നു. നാലാള്‍ കാണണ്ടേ ?. 
ലോകത്തിലെ ആദ്യത്തെ കുറ്റകൃത്യം - അതാണ്‌ കഥ. അവസാന രംഗത്തില്‍ കായേന്‍ ഹാബെലിനെ കൊല്ലുന്നു. ഹാബേലിന്റെ ശവം പോക്കിയെടുത്തുകൊണ്ട് ആദം വരണം. ആദം ഹാബേല്‍ നെ നോക്കി ഞെട്ടല്‍ രേഖപ്പെടുത്തി. ഇവന് ഇത്രേം മസിലോ ! 
"എത്രയുണ്ട് വെയ്റ്റ് ?" ആദം ചോദിച്ചു. 
"എണ്‍പത്" ഹാബേല്‍ വളരെ വിനയ കുനയനായി പറഞ്ഞു.
"നോക്കാം ".
ഒരച്ചന്‍ മകന്റെ ചേതനയറ്റ ശരീരവുമായി വരുന്ന, വളരെ വികാര നിര്‍ഭരമായ, ക്ലൈമാക്സ്‌ രംഗത്തിന്റെ റിഹേര്‍സല്‍ കണ്ടിട്ട് അവിടെ ചിരിക്കാത്തവരായി ആരും ഉണ്ടായിരുന്നില്ല. ഹാബെലിനെ പൊക്കിയെടുത്തു വരുന്ന ആദത്തിന്റെ മുഖത്തു വന്ന വികാരം ഒളിപിക്സില്‍ മത്സരിക്കുന്ന വെയ്റ്റ് ലിഫ്റെരുടെ വികാരം !
" സങ്കടവും വാത്സല്യവും നിറഞ്ഞു വരണം. ആ ഫീല്‍ സദസ്സില്‍ പിന്നില്‍ നില്‍ക്കുന്നവന് പോലും കിട്ടണം " 
സംവിധായകന്‍ വാചാലനായി. പക്ഷെ ഈ ഹാബെലിനെയും പൊക്കിയെടുത്തു വികാരം വരുത്താന്‍ പറ്റില്ല എന്ന് രണ്ടു റിഹേര്‍സല്‍ കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിനു മനസ്സിലായി. അദ്ദേഹത്തിന്‍റെ കണ്ണ് എന്റെ ശരീരത്തില്‍ പതിഞ്ഞു. ആര്‍ക്കൊക്കെയോ എവിടെയൊക്കെയോ ലഡ്ഡു പൊട്ടി.കായേന്‍ ഹാബെലിനെ മര്ധിച്ചുകൊണ്ട് പിന്നിലേയ്ക്ക് വരുന്നു, പശ്ചാത്തലത്തില്‍ ഹാബേലിന്റെ ആര്‍ത്തനാദം ! പിന്നില്‍നിന്നും ഹാബേലിന്റെ ശവവുമായി ആദം വരുന്നു. എന്നെയും പൊക്കി എടുത്തുകൊണ്ടു ആദം നടത്തിയ വികാരപ്രകടനം ഗംഭീരമായിരുന്നു. മുഖം കാണികള്‍ക്ക് കാണാത്ത വിധത്തില്‍ ചരിച്ചു പിടിച്ചാല്‍ സംഗതി ക്ലീന്‍ ! അങ്ങനെ എന്നെ ശവം ആക്കി പ്രശ്നം പരിഹരിച്ചു.
മത്സരത്തിന്റെ തലേദിവസം BKS സ്റ്റേജില്‍ റിഹേര്‍സല്‍ - അവിടെ വച്ച് ആ ഞെട്ടിക്കുന്ന വാര്‍ത്ത‍ കാളകളും ആടുകളും അറിഞ്ഞു. കാളകള്‍ക്കും ആടുകള്‍ക്കും മഖംമൂടി ഉണ്ടത്രേ . അപ്പൊ ഇത്രേം ദിവസം മര്‍ദ്ദിക്കപ്പെട്ട ഭാവം പരിശീലിച്ചത് ...? ചോദിക്കണം എന്നുണ്ടായിരുന്നു. റിഹേര്‍സല്‍ പുലര്‍ച്ചെ മൂന്നു മണിവരെ നീണ്ടു. ആട് ആയും കാളയായും പിന്നെ ശവമായും ആത്മവിശ്വാസം ഉറപ്പിച്ചു.
അങ്ങനെ ആദ്യമായി BKS സദസ്സിനുമുന്‍പില്‍ തല കാണിക്കാന്‍ പോകുകയാണ് ഞാന്‍. അമ്മയോടും പ്രതിശ്രുത വധുവിനോടും ഒക്കെ ഒരുപാട് പൊലിപ്പിച്ചു പറഞ്ഞിരുന്നു. പിന്നെ ഇവിടെയുള്ള സുഹൃത്തുക്കളെയെല്ലാം നാടകം കാണാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. പറഞ്ഞുറപ്പിച്ചത് പ്രകാരം ഏഴുമണിക്ക് എല്ലാവരും എത്തിച്ചേര്‍ന്നു. ചില കാളകളുടെയും ആടുകളുടെയും മുഖത്തുള്ള മ്ലാനത ഞാന്‍ ശ്രദ്ദിച്ചു. സംഗതി ആരാഞ്ഞപ്പോള്‍ ഒരു കാള പറഞ്ഞു - "നമ്മുടെ നാടകത്തില്‍ കഥാപാത്രങ്ങള്‍ കൂടുതലാണത്രേ ..... അതുകൊണ്ട് രണ്ടു കാളയും രണ്ടു ആടും മതിയെന്ന് ....!!!" 
ദേ കിടക്കുന്നു രണ്ടാമത്തെ ഞെട്ടല്‍....! മാടുകളുടെ കാര്യത്തില്‍ ചന്തയില്‍ നടക്കുന്നത് തന്നെ അവിടെയും നടന്നു. കൂട്ടത്തില്‍ മുഴുത്ത കാളകളെയും ആടുകളെയും തിരഞ്ഞെടുക്കപ്പെട്ടു. ഇനിയിപ്പോ നിക്കണോ പോണോ എന്ന അവസ്ഥയിലായി ഞാന്‍. എണ്‍പത് കിലോ പൊക്കുന്ന ആദത്തിനെ വിചാരിച്ചു ഞാന്‍ ഗ്രീന്‍ റൂമില്‍ നിന്നു. സമയമായപ്പോള്‍ മേലാസകലം ചുവന്ന ചായം ഒഴിക്കപ്പെട്ടു. ഹാബെലിനെ കഴുത്തിനു പിടിച്ച് അടിച്ചുകൊണ്ട് കായേന്‍ വേദിക്കു പിറകിലെത്തി. നിമിഷ നേരം കൊണ്ടു ഹാബേലിന്റെ വേഷം അഴിച്ചു എന്റെ ദേഹത്ത് കെട്ടി. ഞാന്‍ ശവം ആയി. തല സ്റെജിനു പുറകിലേയ്ക്ക് തിരിച്ചു പിടിച്ച് എന്റെ വേഷം നൂറു ശതമാനം കൃത്യത കാട്ടി........................................... 
പിറ്റേന്ന് ക്ഷണിക്കപ്പെട്ട സുഹൃത്തുക്കള്‍ പറഞ്ഞു - "നാടകം ഗംഭീരമായിരുന്നു , കണ്ഗ്രാജുലെഷന്‍സ് ... പക്ഷെ നീ ഏതു വേഷത്തിലായിരുന്നു ? " ഞാന്‍ ഒന്നും പറഞ്ഞില്ല. പറയേണ്ടി വന്നില്ല. അതിനു മുന്‍പേ പവനായി ശവമായ ഫോട്ടോ പ്രചരിച്ചിരുന്നു 

ഓം നമ:ശിവായ


എന്റെ നാട്ടില്‍ അപ്രതീക്ഷിതമായാണ് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് . ഉദാഹരണം - ബീഡി വലിച്ചു പുക വിടുമ്പോള്‍ ആരുടെയെങ്കിലും മുഖത്ത് നോക്കിയാണെങ്കില്‍ നോക്കപ്പെടുന്നയാളിനു അഭിമാനക്ഷതം ഏല്‍ക്കും. ആ നോട്ടത്തിനു കാരണം അവന്റെയും എന്റെയും കൊടിയുടെ നിറവ്യത്യാസമല്ലേ എന്ന് വെറുതെ ഒരു ചിന്ത ..! ഒന്ന് ചോദിച്ചാലോ എന്ന ഒരു ധീരോദാത്തമായ ആലോചന ..!! ഒരു ബീഡി വലിച്ചുകൊണ്ട് പുക അവന്റെ മുഖത്ത് ഊതിക്കൊണ്ടു ചോദിക്കും  - "വീട്ടില്‍നിന്നു വരുമ്പോ തിരിച്ച് ചെല്ലും എന്ന് അമ്മയോട് പറഞ്ഞുതന്നെയാണോടാ ഇറങ്ങിയത്‌ ?".

അങ്ങനെ എന്തോ , ആരോ , എവിടെയോ മുള്ളി എന്നോ നുള്ളി എന്നോ പറഞ്ഞു രാവിലെ പത്തുമണി സമയത്ത് ഒരു പ്രശ്നം നടന്നു. പരിണിതഫലമായി ഒരു ഇരു ചക്ര വാഹനം അഗ്നിക്കിരയാക്കപ്പെട്ടു. ഉടനെ തന്നെ പോലീസ് ഇടപെട്ടു സംഭവസ്ഥലം ശാന്തമാക്കി. രാവിലെ കുട്ടികളെ സ്കൂളില്‍ പറഞ്ഞുവിട്ട അമ്മമാര്‍ ആധിയോടെ അന്വേഷിക്കുന്നുണ്ടായിരുന്നു  വൈകുന്നേരം സ്കൂള്‍ ബസ്സ്‌ വരുമോ ? പിന്നീട് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ലല്ലോ എന്നൊക്കെ. പിന്നീട് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല , പല സ്കൂളുകളില്‍നിന്നും വാഹനങ്ങള്‍ കുട്ടികളെ കൊണ്ടുപോയതുപോലെ തന്നെ കൊണ്ടുവരികയും ചെയ്തു .

പ്രശ്നം ഒതുങ്ങിയ സാഹചര്യത്തില്‍ ഉണ്ടായ പ്രശ്നങ്ങളെ പറ്റി ചര്‍ച്ച ചെയ്യാനും സര്‍ക്കാരിനെയും പോലീസിനെയും ഭരണഘടനയും കുറ്റം പറയാനും വേണ്ടി ചര്‍ച്ചയില്‍ അവിഭാജ്യ ഘടകമായ ഒരു പ്രത്യേക തരം പാനീയം അന്വേഷിച്ചു ഞാനും എന്റെ ഒരു സുഹൃത്തും ഇറങ്ങി. ഞങ്ങളുടെ ചിന്ത കാട് കയറുന്നതിനു മുമ്പേ അടുത്ത വീട്ടില്‍  നിന്നും  ഒരു ചേച്ചി വിളിച്ചു ചോദിച്ചു 
"സജൂ ... അതുലിന്റെ സ്കൂള്‍ ബസ്സ്‌ വന്നില്ല സ്കൂളില്‍നിന്നു ഹെഡ് മിസ്ട്രസ്സ് വിളിച്ചു പറഞ്ഞു കുട്ടിയെ വന്നു പിക്ക് ചെയ്യാന്‍ . നിങ്ങളെവിടെയാ പോകുന്നത് ? എന്റെ മോനെ ഒന്ന് പോയി കൂട്ടിക്കൊണ്ടു വരുമോ ?" 
ശെടാ ... പണിയായല്ലോ ..! ഞാന്‍ മനസ്സിലോര്‍ത്തു .
" പക്ഷെ ചേച്ചീ എല്ലാ സ്കൂല്‍ബസ്സും വന്നല്ലോ .... അതുലിന്റെ സ്കൂള്‍ ഏതാ? " ഞാന്‍ ചോദിച്ചു.
"അമൃത സ്കൂള്‍ . അവരിപ്പോ വിളിച്ചതെയുള്ള് . ഞാന്‍ അവരോടു പറഞ്ഞു ഇവിടെ പ്രശ്നം ഒന്നും ഇല്ല, ബാക്കിയെല്ലാ സ്കൂളില്‍ നിന്നും വണ്ടികള്‍ വരുന്നുണ്ട് എന്നൊക്കെ. അവര്‍ക്കതോന്നും കേള്‍ക്കണ്ട .. വേണമെങ്കില്‍ വന്നു വിളിച്ചോണ്ട് പൊയ്ക്കോ എന്നാ അവര് പറഞ്ഞത് ... എടാ ഒന്ന് പോയി വാടാ പ്ലീസ് .." ചേച്ചി അപേക്ഷിച്ചു.
"സ്കൂളിന്റെ നമ്പര്‍ ഉണ്ടോ ചേച്ചീ ഞാന്‍ ഒന്ന് സംസാരിച്ചു നോക്കട്ടെ " 
ചേച്ചിയുടെ വീട്ടില്‍ നിന്നും ഞാന്‍ ഫോണ്‍ ചെയ്തു .
അറ്റന്‍ഡ് ചെയ്ത ഉടനെ ഒരു സ്ത്രീ ശബ്ദം " ഓം നമശിവായ" 
ഞാന്‍ പറഞ്ഞു "സോറി നമ്പര്‍ തെറ്റിപ്പോയി "
കട്ട്‌ ചെയ്തിട്ട് ചേച്ചിയോട് പറഞ്ഞു " ചേച്ചിയെതാ നമ്പര്‍ തന്നത്? ഇതേതോ അമ്പലത്തിലെക്കാ പോയത്  നമശിവായ പറയുന്നു !"
ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു " എടാ അത് തന്നെയാ നമ്പര്‍ അവിടെ ഫോണ്‍ വിളിച്ചാ ആദ്യം നമശിവായ പറയും "
ചമ്മല്‍ മറച്ചു കൊണ്ടു ഞാന്‍ വീണ്ടും ഡയല്‍ ചെയ്തു .
" ഓം നമശിവായ" 
ഞാനും പറഞ്ഞു " ഓം നമശിവായ, അമൃത സ്കൂള്‍ അല്ലെ ?"
"അതെ"
" മാഡം , ഇത് കാഞ്ഞിലേരിയില്‍ നിന്നു , 1st D യില്‍ പഠിക്കുന്ന അതുലിന്റെ അച്ഛനാണ് വിളിക്കുന്നത്‌ സ്കൂള്‍ ബസ്സ്‌ ഇതുവരെ വന്നില്ല "
   അതുലിന്റെ അമ്മയില്‍ ഉണ്ടായ ഭാവമാറ്റം ഞാന്‍ കണ്ടില്ലെന്നു നടിച്ചു.
" ആ ഞാന്‍ എല്ലാവരെയും വിളിച്ചു പറഞ്ഞതാണല്ലോ , കുട്ടികളെ വന്നു കൊണ്ടുപോകാന്‍ ... അവിടെ വഴിയില്‍ എന്തോ പ്രശ്നം ഉണ്ടെന്നു കേള്‍ക്കുന്നു അതുകൊണ്ട് സ്കൂള്‍ ബസ്സ്‌ വരില്ല "
"മാഡം , പ്രശ്നം രാവിലെ ഉണ്ടായിരുന്നു ഇപ്പൊ എല്ലാം ശാന്തം ആണ് . വാഹനങ്ങള്‍ ഒക്കെ ഓടുന്നുണ്ട് , മറ്റു സ്കൂളുകളില്‍ നിന്നുള്ള വണ്ടികളൊക്കെ വന്നിരുന്നു "
"അതൊന്നും എനിക്കറിയില്ല , ഇന്ന്  സ്കൂള്‍ ബസ്സ്‌ വരില്ല " മാഡം മറുപടിക്ക് കാത്തുനില്‍കാതെ ഫോണ്‍ കട്ട്‌ ചെയ്തു .
എനിക്ക് മുഖമടച്ചു ഒരു അടികിട്ടിയ അനുഭവം ....! എന്റെ മുഖത്തെ ഭാവമാറ്റം ചേച്ചിയും സുഹൃത്തും ശ്രദ്ധിച്ചു കാണണം , ആരും ഒന്നും മിണ്ടിയില്ല .
ഞാന്‍ റീ ഡയല്‍ ചെയ്തു .
വീണ്ടും ഓം നമശിവായ കേട്ടു .
എന്റെ മറുപടി " ഓം നമശിവായ പറഞ്ഞ നാവുകൊണ്ട് വെറുതെ വേറെയൊന്നും പറയിപ്പിക്കരുത് , രാവിലെ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോയിട്ടുന്ടെങ്കില്‍ തിരിച്ച് കൊണ്ടുവരേണ്ട ഉത്തരവാദിത്വം നിങ്ങള്‍ക്കുണ്ട്‌ . "
" അത് പറയാന്‍ നിങ്ങള്‍ ആരാ " മാഡം ഇടയ്ക്ക് കയറി .
ആ ഇടയ്ക്ക് കയറിയുള്ള ചോദ്യം എന്നിലെ പ്രശ്നക്കാരനെ ഉണര്‍ത്തി എന്ന് തോന്നുന്നു - എന്റെ ചുണ്ടില്‍ ഒരു ബീഡി എരിയുന്നതായും പുക അവരുടെ മുഖത്തേക്ക് ഊതുന്നതായും ഒരു രംഗം എന്റെ മനസ്സില്‍ തെളിഞ്ഞു 
എന്റെ മറുപടി ഒരു അലര്‍ച്ചയായിരുന്നു " ആരാണെന്ന് നിങ്ങള്‍ക്കു അറിയില്ല ...!!! വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത് "
അവര്‍ ഫോണ്‍ കട്ട്‌ ചെയ്തു .
അര മണിക്കൂറിനുള്ളില്‍ സ്കൂള്‍ ബസ്സ്‌ എത്തി .

വന്ന ഉടനെ അതുല്‍ ക്ലാസ്സ്‌ ഡയറി എടുത്തു അമ്മയ്ക്ക് നേരെ നീട്ടി. 
അത് വായിച്ചിട്ട് ചേച്ചി എന്റെ മുഖത്ത് നോക്കി ... എന്താ ഇങ്ങനെ ഒരു ഭാവം ? ഞാന്‍ സംശയിച്ചു . ഞാന്‍ അത് വാങ്ങി നോക്കി.
അതില്‍ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു  - Athul's parents should meet the HM tomorrow.
ഞാന്‍ പിന്നെ അവിടെ നിന്നൊന്നുമില്ല. എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റുള്ളൂ എന്ന് മനസ്സില്‍ പറഞ്ഞു മെല്ലെ അവിടെ നിന്നു മുങ്ങി.
ഇനി ആ പാനീയം കിട്ടുമോ എന്തോ ...???