എവിടെ ? ആത്മാക്കള്‍ എവിടെ? ...
അതിനു ആത്മാക്കളെ അന്വേഷിച്ചല്ലല്ലോ ഞാന്‍ ഇങ്ങോട്ട് വന്നത് !
മടുത്തിട്ടാണോ ?
അല്ല .
പിന്നെ?
ദൈവത്തെ കണ്ടു ഒരു നിവേദനം കൊടുക്കണം .
കടലാസ് പോക്കെറ്റില്‍ ഉണ്ടോ എന്ന് നോക്കിയപ്പോഴാണ് അബദ്ധം മനസ്സിലായത്.
എന്റെ ശരീരത്തിലല്ലേ അതുള്ളത് !
പക്ഷെ ചില വരികളെങ്കിലും മനസ്സിലുണ്ട്. ഭാഗ്യം ... മനസ്സ് നഷ്ടപ്പെട്ടിട്ടില്ലല്ലോ !
പറയാനുള്ള കാര്യങ്ങള്‍ ക്രമീകരിക്കാന്‍ വേണ്ടി ഓര്‍ത്തുനോക്കി .
എന്റെ പ്രിയപ്പെട്ടവര്‍ക്ക് സ്നേഹിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കിക്കൊടുക്കണം.
ലോകത്തുനിന്ന് സാമ്പത്തിക വ്യവസ്ഥ എടുത്തു മാറ്റണം .
മനുഷ്യന്റെ സൃഷ്ടിയല്ലേ പണം ! പണത്തിനു പകരം ദൈവസൃഷ്ടിയായ സ്നേഹം വിനിമയമാധ്യമം ആക്കണം .
മനസ്സില്‍ ഏറ്റവും സ്നേഹം ഉള്ളവന്‍ ഏറ്റവും സമ്പന്നന്‍ എന്ന അവസ്ഥ നടപ്പില്‍ വരണം.
റേഷന്‍ കടയില്‍ പോയി രണ്ടു നല്ല വാക്ക് സ്നേഹത്തോടെ പറഞ്ഞാല്‍ അരി കൊടുക്കണം
അങ്ങനെ സ്നേഹം കൊടുത്താല്‍ എന്തും കിട്ടുമെങ്കില്‍ മനുഷ്യന്‍ തമ്മില്‍ തല്ലുകയില്ലല്ലോ .
ദൈവം എന്തെങ്കിലും ഇങ്ങോട്ട് പറഞ്ഞാല്‍ വാദിക്കാനുള്ള പോയിന്റുകള്‍ വേറെയും ഉണ്ടായിരുന്നു ആ കടലാസില്‍
ഛെ ! ഞാന്‍ ആ കടലാസ് പോക്കെറ്റില്‍ വെച്ചത് അബദ്ധമായല്ലോ !
ആരെങ്കിലും എടുത്തു വായിച്ചാല്‍ പ്രശ്നം ആകുമല്ലോ !
ആരെങ്കിലും വായിച്ചു കാണുമോ ?
ഒന്ന് പോയി നോക്കാം .
വെള്ള പുതപ്പിച്ചു കിടത്തിയ എന്റെ ശരീരത്തിന് ചുറ്റും ബന്ധുക്കള്‍ . അതിനു ചുറ്റും നാട്ടുകാര്‍ !
ഹോ ! ഇത്രയും ജനങ്ങളോ..!
കല്യാണത്തിനു ക്ഷണിക്കാന്‍ വൈകിയ കാരണത്താല്‍ വരാതിരുന്ന ആ അഭിമാനിയായ വ്യക്തിയുണ്ട് എല്ലാ കാര്യങ്ങളും നോക്കിക്കൊണ്ട് മുമ്പില്‍!
ഞാന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ നീങ്ങി ! എല്ലാം കണ്ടുകൊണ്ടു , എന്നാല്‍ ആരും കാണാതെ!
എല്ലാവരും ഗുണഗണങ്ങള്‍ വര്‍ണിക്കുന്ന തിരക്കിലായിരുന്നു .
അവന്‍ എന്തിനു ഇത് ചെയ്തു എന്നൊക്കെ പലരും ചോദിക്കുന്നുണ്ട് .
അതാര്‍ക്കും മനസ്സിലാവില്ല .
ഞാന്‍ എല്ലാവര്ക്കും കൊടുത്ത സ്നേഹത്തില്‍ കുറച്ചെങ്കിലും തിരിച്ചു തന്നിരുന്നെങ്കില്‍ ഞാന്‍ ഇത് ചെയ്യില്ലായിരുന്നു .
അടുത്ത കൂട്ടുകാര്‍ വളരെ ദുഖിതരായി പലസ്ഥലങ്ങളില്‍ ചിതറിക്കിടക്കുന്നു.
പലമേഖലകളിലും ഉള്ള പരിച്ചയവലയങ്ങളിലെ കണ്ണികള്‍ ദുഃഖം മറക്കാന്‍ മത്സരിച്ചു മദ്യം സേവിക്കുന്നു .
കൂടുതല്‍ ദുഃഖം തനിക്കാണെന്ന് വരുത്തിതീര്‍ക്കാന്‍ പലരും ശ്രമിക്കുന്നുണ്ട് .
വീടിനകത്ത് കയറിയപ്പോള്‍ ബോധം പോയിക്കിടക്കുന്ന അമ്മ. തൊട്ടടുത്ത് കരഞ്ഞു തളര്‍ന്ന ഭാര്യ !
അടുത്ത മുറിയില്‍ ഏട്ടനും പെങ്ങളും ഏടത്തിയമ്മയും.
ഞാന്‍ എന്റെ ശവത്തിന്റെ പോക്കെറ്റില്‍ തപ്പി നോക്കി. ആ കടലാസ് അവിടെ ഇല്ല.
ഞാന്‍ എല്ലാവരെയും സൂക്ഷ്മമായി നിരീക്ഷിച്ചു.
കടലാസ് ആരുടെ പക്കലാനെന്നു വ്യക്തമായില്ല. കാത്തിരിക്കാം
ആര്‍ക്കെങ്കിലും അത് കിട്ടിയിട്ടുണ്ടാവും.
നേരം പോയി ശവദാഹവും ചടങ്ങുകളും കഴിഞ്ഞു .
എല്ലാവരും പിരിഞ്ഞു .
മുറിയില്‍ തനിച്ചായപ്പോള്‍ കിടയ്ക്കയ്ക്കടിയില്‍ നിന്നും ഭാര്യ എന്തോ തപ്പുന്നത് ഞാന്‍ കണ്ടു.
അതെ ! അതുതന്നെ .
ഇതുവരെ അവള്‍ അത് വായിച്ചിട്ടില്ല എന്ന് അവളുടെ ഭയവും ആകാംക്ഷയും സങ്കടവും മുറ്റിനില്ക്കുന്ന മുഖം സൂചിപ്പിച്ചു.
അവള്‍ അത് മുഴുവനും വായിച്ചില്ല ....!അവളുടെ അലര്‍ച്ച ഒരേസമയം എന്നെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു .
അമ്മ ഉണര്‍ന്നു. അവള്‍ അത് അമ്മയുടെ നേരെ നീട്ടി .
അമ്മ അത് വായിച്ചശേഷം ഒരു ഭ്രാന്തിയെപ്പോലെ സ്വയം ഉപദ്രവിക്കാന്‍ തുടങ്ങി.
മറ്റുള്ളവരും കൂടി വായിച്ചപ്പോള്‍ കൂട്ടക്കരച്ചിലായി.
ഞാന്‍ അമ്പരന്നുപോയി .
എല്ലാവര്ക്കും എന്നോടുണ്ടായിരുന്ന സ്നേഹത്തിന്റെ ആഴവും പരപ്പും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അപ്പുറത്തായിരുന്നു .
പക്ഷെ എന്തിനവര്‍ ഇതൊക്കെ ഉള്ളില്‍ വെച്ച് കഴിഞ്ഞു ?
ജീവിച്ചിരുന്നപ്പോള്‍ പ്രകടിപ്പിക്കാന്‍ അല്ലെങ്കില്‍ പിന്നെ എന്തിനാണ് ?
ഇപ്പോള്‍ ഇങ്ങനെ അലമുറയിട്ടിട്ടു എന്ത് കാര്യം ?
അധികനേരം അതൊന്നും കണ്ടുനില്‍ക്കാന്‍ എനിക്കായില്ല.
ദൈവത്തെ എത്രയും പെട്ടെന്ന് കാണണം.
ചോദിക്കാന്‍ ഇനി ഒരു ആവശ്യം മാത്രം
എന്റെ ജീവിതം തിരിച്ചു തരുമോ ?
aniyaaa.... so touching....
ReplyDelete